• Tue. Dec 24th, 2024

ബൈക്കപകടത്തില്‍ പരിക്കേറ്റ് രാത്രി മുഴുവന്‍ ഓടയില്‍, ആരുമറിഞ്ഞില്ല; യുവാവ് മരിച്ച നിലയില്‍

ByPathmanaban

Jun 6, 2024

പുതുപ്പള്ളി: ചാലുങ്കല്‍പടിക്കു സമീപം യുവാവിനെ ബൈക്കപകടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജ് (30) ആണു മരിച്ചത്. രാത്രി മുഴുവന്‍ യുവാവ് പരിക്കേറ്റ് ഓടയില്‍ കിടന്നു. പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാല്‍ അപകടം ആരുമറിഞ്ഞില്ലെന്നാണ് നിഗമനമെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണു ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടത്. സമീപത്തു പരിശോധന നടത്തിയപ്പോള്‍ ഓടയില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ വിഷ്ണുവിന്റെ മൃതദേഹവും കണ്ടു.

പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി പിആര്‍ഒ ആയിരുന്നു വിഷ്ണു. ഡിവൈഎഫ്‌ഐ ഇത്തിത്താനം മേഖലാ കമ്മിറ്റിയംഗവും പീച്ചങ്കേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. ആശുപത്രിയില്‍നിന്നു രാത്രി ഒന്‍പതോടെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു. എങ്ങനെ അപകടത്തില്‍പെട്ടെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

Spread the love

You cannot copy content of this page