• Tue. Dec 24th, 2024

‘ഇന്ത്യയില്‍ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങള്‍ തീരുമാനിക്കണം’; വിദ്വേഷ പരാമര്‍ശവുമായി മോദി

ByPathmanaban

May 8, 2024

ഡല്‍ഹി: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷത്തിന് മുന്‍ഗണന നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ ധാറില്‍ പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് മോദി പറഞ്ഞു.

രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനോ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുന്നതിനോ കോണ്‍ഗ്രസിന് കഴിയാതിരിക്കാന്‍ തനിക്ക് 400 സീറ്റുകള്‍ ആവശ്യമാണെന്ന് മോദി പറഞ്ഞു.”ഇന്ത്യ ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ്. ഇന്ത്യയില്‍ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങള്‍ തീരുമാനിക്കണം എന്ന് മോദി മധ്യപ്രദേശില്‍ പ്രസംഗിക്കവേ പറഞ്ഞു.

സാം പിട്രോഡയുടെ വിവാദ പ്രസ്താവനക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. സാം പിട്രോഡ തെക്കേന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്ന് മോദി വിമര്‍ശിച്ചു. ചര്‍മ്മത്തിന്റെ നിറമാണോ പൗരത്വം നിര്‍ണ്ണയിക്കുന്നതെന്നും കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് ഞങ്ങളെന്നും മോദി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയാണെന്നും തെക്കേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് എന്ന സാം പിട്രോഡയുടെ പ്രസ്താവനയാണ് വിവാദമായത്. പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെയാണെന്നും പിട്രോഡ പറഞ്ഞിരുന്നു.

അധിക്ഷേപങ്ങള്‍ തനിക്ക് നേരെയാണെങ്കില്‍ സഹിക്കാം. പക്ഷേ എന്റെ ജനത്തിനു നേരെയാവുമ്പോള്‍ കഴിയില്ല. ചര്‍മ്മത്തിന്റെ നിറമനുസരിച്ച് ഒരാളുടെ യോഗ്യത നമുക്ക് തീരുമാനിക്കാമോ? ആരാണ് അയാളെ എന്റെ ജനങ്ങളെ ഇത്തരത്തില്‍ പറയാന്‍ അനുവദിച്ചത്. ഈ വംശീയ മാനസികാവസ്ഥ ഞങ്ങള്‍ അംഗീകരിക്കില്ല.

Spread the love

You cannot copy content of this page