• Mon. Dec 23rd, 2024

തൃശ്ശൂരിൽ കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ

ByPathmanaban

Apr 30, 2024

തൃശ്ശൂർ: കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പാലാഴിയിൽ കാക്കമാട് പ്രദേശത്ത് പുഴയിൽ കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു. 

ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ്  ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പോലീസിൽ പരാതി നൽകിയിരുന്നു. കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. 

തുടർന്ന് ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ്  മൃതദേഹം കണ്ടത്. ഇതിന് സമീപത്തു നിന്ന് ലഭിച്ച  ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് ലഭിച്ചു. അന്തിക്കാട് എസ് ഐ പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് എത്തിയാൽ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികൾ ആരംഭിക്കും.

Spread the love

You cannot copy content of this page