• Sun. Dec 22nd, 2024

2976 ലൈംഗിക വിഡിയോ ക്ലിപ്പുകള്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ച് പ്രജ്വല്‍

ByPathmanaban

May 31, 2024

ബെംഗളൂരു: ലൈംഗിക പീഡന വിവാദത്തെത്തുടര്‍ന്നു ജര്‍മനിയിലേക്കു കടന്ന ജനതാദള്‍ (എസ്) എംപി പ്രജ്വല്‍ രേവണ്ണയെ(33) പുലര്‍ച്ചെ ഒന്നിനു വിമാനത്താവളത്തില്‍ നിന്നു കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ കണ്ടെത്താനായില്ല. സ്ത്രീകളുടെ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചെന്ന് സംശയം..

പ്രജ്വലില്‍നിന്ന് പിടിച്ചെടുത്ത 2 ഫോണുകളും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചവയല്ല. നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പ്രജ്വലിനെ പുറത്തെത്തിക്കുകയായിരുന്നു. വിദേശത്ത് 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്.

ബിസിനസ് ക്ലാസില്‍ പ്രജ്വല്‍ യാത്ര ചെയ്ത ലുഫ്താന്‍സ വിമാനം മ്യൂണിക്കില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 12.48നാണ് ബെംഗളൂരുവില്‍ ടെര്‍മിനല്‍ രണ്ടില്‍ ലാന്‍ഡ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്‍ കാത്തുനിന്ന പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തുകയായിരുന്നു. പുറത്തെത്തിച്ചതിനു പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രില്‍ 26ന് രാത്രിയാണ് പ്രജ്വല്‍ രാജ്യം വിട്ടത്.

60 വയസ്സു പിന്നിട്ട വീട്ടുജോലിക്കാര്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാക്കളും ഉള്‍പ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതേവരെ പുറത്തുവന്നത്. പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെന്‍ഡ്രൈവുകള്‍ ഹാസനിലെ പാര്‍ക്കുകള്‍, ബസ് സ്റ്റോപ്പുകള്‍, സ്റ്റേഡിയം എന്നിവിടങ്ങളില്‍നിന്നാണു ലഭിച്ചത്. ജനതാദള്‍ ദേശീയാധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ മകനും ദള്‍ എംഎല്‍യുമായ മുന്‍മന്ത്രി എച്ച്.ഡി.രേവണ്ണയുടെ ഇളയപുത്രനാണ് പ്രജ്വല്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാസന്‍ മണ്ഡലത്തില്‍ ജയിച്ചു.

Spread the love

You cannot copy content of this page