കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ആര് നേട്ടം കൊയ്യുമെന്ന് പറയാനാകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പെട്ടി പൊട്ടിക്കാതെ അഭിപ്രായം സാധിക്കില്ലെന്നും എല്ലായിടത്തും കടുത്ത മത്സരമാണ് നടന്നതെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. തിരുവനന്തപുരത്ത് ആരും ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിനു കഴിഞ്ഞ തവണത്തെ അത്ര കിട്ടില്ല. എന്നാലും കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല. എല്‍ഡിഎഫും യുഡിഎഫും മത്സരിച്ചു ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അതുകൊണ്ട് ജനങ്ങളില്‍ കുറച്ചു പേര് എന്‍ഡിഎക്കൊപ്പം പോകുമെന്നും എന്‍ഡിഎ വോട്ട് സംസ്ഥാനത്ത് കൂടുമെന്നും വെള്ളാപ്പള്ളി വിലയിരുത്തി.ഇപി ജയരാജന്-ജാവഡേക്കര്‍ വിവാദത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. ജാവഡേക്കറെ കണ്ടതിന് എന്താണ് കുഴപ്പമെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് ആരെയും കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപി ചെയ്തത് പാര്‍ട്ടി ചട്ടകൂടു അനുസരിച്ചു തെറ്റാണ്. ഇപി എല്‍ഡിഎഫ് കണ്‍വീനവര്‍ എന്ന നിലയില്‍ പിന്നോട്ടാണെന്നും വലിയ നിലപാടൊന്നും സ്വീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇതുപോലുള്ള വിവാദം ഒഴിവാക്കാമായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു.
ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന് വോട്ട് കൂടുതല്‍ നേടും. ശോഭ പിടിക്കുന്ന കൂടുതല്‍ വോട്ടിന്റെ ഗുണം ആരീഫിന് ആയിരിക്കും. കേരളത്തില്‍ ബിജെപി ക്ക് അഞ്ചു സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്തു ജയിക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും തുഷാര്‍ വെള്ളപ്പള്ളിക്ക് ഈഴവ വോട്ടുകള്‍ കിട്ടാനുള്ള ഒരു സാധ്യത ഇല്ലെന്നും മത്സരിക്കേണ്ട എന്ന് താന്‍ പറഞ്ഞതാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.