• Thu. Jan 9th, 2025

നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ച പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ ജോര്‍ജ്

ByPathmanaban

May 16, 2024

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂര്‍ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാല്‍ അരമണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തു. എന്നാല്‍ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോള്‍ നീക്കാന്‍ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

Spread the love

You cannot copy content of this page