തിരുവനന്തപുരം: പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് സിപിഐമ്മുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ബോംബ് പൊട്ടി പരിക്കേറ്റത് സിപിഐമ്മുകാര്‍ക്കാണ്. മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സിപിഐഎമ്മുകാരാണ്. എന്നിട്ട് എങ്ങനെ ഒഴിഞ്ഞുമാറാന്‍ സാധിക്കും. ആഭ്യന്തരമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയും കുടപിടിച്ചു കൊടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്ക് ഭയമാണ്. ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ സിബിഐയെ കൊണ്ടുവന്നയാളാണ് പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് കണ്ടപ്പോള്‍ ബിജെപിയുമായി ധാരണ ഉണ്ടാക്കുകയാണ് സിപിഐഎം. കേരളത്തെ ദയാവധത്തിന് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം റദ്ദാക്കുക തന്നെ ചെയ്യും.
തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു അജണ്ട മാത്രമേ ഉണ്ടാകൂ എന്നാണ് മുഖ്യമന്ത്രിയുടെ നലപാട്. പൗരത്വ നിയമ വിഷയം മാത്രം മതി എന്നാണ് മുഖ്യമന്ത്രി കാണുന്നത്. പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയില്ല. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കാപട്യമാണ്. കേരള സ്റ്റോറി ശരിയായ കഥയല്ല. കേരളത്തെ അപമാനിക്കാന്‍ വേണ്ടിയുള്ള സ്റ്റോറിയാണത്. എസ്ഡിപിഐ പിന്തുണ അടഞ്ഞ അധ്യായമാണ്. എല്ലാവരുടെയും വോട്ടും വേണമെന്നേ എല്ലാ സ്ഥാനാര്‍ഥികളും പറയും. യുഡിഎഫ് നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയെ കൊണ്ടുവരുന്നതില്‍ തനിക്ക് എന്ത് പങ്കാണുള്ളത്. തന്റെ റിക്വസ്റ്റ് പ്രകാരം ഏതെങ്കിലും കേന്ദ്ര ഏജന്‍സി വന്നിട്ടുണ്ടോ. സ്വര്‍ണ്ണക്കടത്ത് സമയത്ത് താന്‍ ആവശ്യപ്പെട്ടിട്ടാണ് കേന്ദ്രം വന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും വി ഡി സതീശന്‍ പറഞ്ഞു.