• Mon. Dec 23rd, 2024

ആര്യ രാജേന്ദ്രന്‍ യുഡിഎഫ്-ബിജെപി ആക്രമണം നേരിടുന്നു; വി.ശിവന്‍ കുട്ടി

ByPathmanaban

May 1, 2024

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ യുഡിഎഫ്-ബിജെപി ആക്രമണം നേരിടുന്നെന്ന് മന്ത്രി വി.ശിവന്‍ കുട്ടി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോര്‍പറേഷന്‍ പ്രവര്‍ത്തനം തടസാപ്പെടുത്താനാണ് ശ്രമം. ഗൂഢാലോചന ശക്തിപ്പെടുന്നു. സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നു. സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു. മേയര്‍ ഏറ്റവും നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്. അവര്‍ക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്ത കാര്യം തനിക്കറിയില്ലെന്നും അത് തീരുമാനിക്കേണ്ടത് പൊലീസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയിലൂടെടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകള്‍ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും. കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Spread the love

You cannot copy content of this page