• Wed. Dec 18th, 2024

ഹാഷിം മുന്‍സീറ്റില്‍ കുടുങ്ങിയ നിലയില്‍: അനുജ കിടന്നിരുന്നത് പിന്‍സീറ്റില്‍: അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത് രണ്ടു വനിതകള്‍

ByPathmanaban

Apr 1, 2024

അടൂര്‍: പട്ടാഴിമുക്കില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത് ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് രണ്ട് വനിതകളാണ്. കോന്നി മെഡിക്കല്‍ കോളജിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഏഴംകുളം ഇബ്രാഹിംമന്‍സിലില്‍ എസ്. ഷാനി, ഷബ്‌നാ മന്‍സിലില്‍ ഷബ്‌ന ഷൈജു എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യം പങ്കാളികളായത്. ഇരുവരുടേയും വീടിന്റെ സമീപമാണ് അപകടം നടന്നത്. ശബ്ദം കേട്ട് എത്തിയപ്പോള്‍ ഹാഷിം കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. കല്ലുപയോഗിച്ച്‌ ഗ്ലാസ് തകര്‍ത്താണ് ഇയാളെ പുറത്തെടുത്തത്. അനുജ ഇടിയുടെ ആഘാതത്തില്‍ പിന്നിലെ സീറ്റില്‍ വീണു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഹാഷിമിന്റെ പള്‍സ് പരിശോധിച്ചപ്പോള്‍ ജീവനുണ്ടായിരുന്നു. അനുജയ്ക്ക് പള്‍സ് ഉണ്ടായിരുന്നില്ല. ആംബുലന്‍സ് വന്ന് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയി.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അടൂര്‍ ജനമൈത്രി പോലീസ് സമിതിയംഗം നിസാര്‍ റാവുത്തറുടെ നേതൃത്വത്തിലാണ് ആംബുലന്‍സ് വരുത്തി അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മോളേ എന്ന് വിളിച്ചപ്പോള്‍ അനുജ കൈ ഒന്നനക്കിയിരുന്നുവെന്നും പിന്നീട് ചലനം നിലച്ചുവെന്നും നിസാര്‍ പറയുന്നു. പഞ്ചായത്തംഗം ഷെമിനും നിസാറിനൊപ്പമുണ്ടായിരുന്നു. ഏഴംകുളം കഴിഞ്ഞപ്പോഴാണ് അനുജയെ വിളിച്ചത്. ആദ്യം ഒന്നനങ്ങിയെങ്കിലും പിന്നീട് ചലനമറ്റു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഹാഷിമിന് ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് സിപിആര്‍ നല്‍കുന്നതും നിസാര്‍ കണ്ടു. അനുജ ഇടിയുടെ ആഘാതത്തില്‍ ആയിരിക്കണം, പിന്‍സീറ്റിലാണ് കിടന്നിരുന്നത് എന്നാണ് നിസാര്‍ പറയുന്നത്.

Spread the love

You cannot copy content of this page