• Thu. Jan 2nd, 2025

അരവിന്ദ് കെജ്രിവാള്‍, ഹേമന്ത് സോറന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ByPathmanaban

Apr 29, 2024

ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്താണ് കെജ്രിവാളിന്റെ ഹര്‍ജി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്ലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.

ഭൂമി കുംഭകോണ കേസിലേ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടും ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി വൈകുന്ന പശ്ചാത്തലത്തിലാണ് ഹേമന്ത് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരി 28ന് വാദം പൂര്‍ത്തിയായ കേസില്‍ രണ്ട് മാസമായിട്ടും ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. ഇതുമൂലം നിര്‍ണായകമായ തിരഞ്ഞെടുപ്പ് സമയത്ത് ജയില്‍വാസം അനുവദിക്കേണ്ടി വരുന്നുവെന്നാണ് ഹര്‍ജിയില്‍ ഹേമന്ത് സോറന്‍ ചൂണ്ടിക്കാട്ടുന്നത്. ഹര്‍ജിയില്‍ കോടതി ഇഡിയുടെ നിലപാട് തേടിയിട്ടില്ല. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

അന്വേഷണ ഏജന്‍സിയുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഇരു ഹര്‍ജികളിലെയും പ്രധാന വാദം. രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച അരവിന്ദ് കെജ്രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റ് ചോദ്യം ചെയ്തുള്ള രണ്ട് ഹര്‍ജികളാണ് ഒരേദിവസം സുപ്രീം കോടതി പരിഗണിക്കുക, അതും ഒരേ ജഡ്ജിമാര്‍. മദ്യനയ അഴിമതി കേസില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലോ കുറ്റപത്രത്തിലോ തന്റെ പേരില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ വാദം. അഴിമതിയുടെ പ്രധാന സൂത്രധാരനായ കെജ്രിവാള്‍ തെളിവുകള്‍ നശിപ്പിക്കുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യാത്ത പശ്ചാത്തലത്തില്‍ അറസ്റ്റ് അനിവാര്യമായിരുന്നു എന്നാണ് ഇഡി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.

Spread the love

You cannot copy content of this page