പൂനെ: പതിനേഴുകാരനോടിച്ച ആഡംബര കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ രക്തപരിശോധനാ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച ഫൊറന്‍സിക് ലാബ് മേധാവിയടക്കം രണ്ടു ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പുണെ സാസൂണിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഫൊറന്‍സിക് ലാബ് മേധാവി ഡോ. അജയ് താവ്റെ, ഡോ. ശ്രീഹരി ഹാര്‍ണര്‍ എന്നിവരെയാണ് പൂനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രതിയായ കൗമാരക്കാരന്‍ മദ്യപിച്ചിരുന്നില്ല എന്നായിരുന്നു അപകടത്തിന് പിന്നാലെ നടത്തിയ രക്തപരിശോധനയുടെ റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തിനു മുന്‍പു പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതായി ആരോപണമുയരുകയായിരുന്നു.
”മദ്യപിച്ചതിനെത്തുടര്‍ന്ന് അബദ്ധത്തില്‍ സംഭവിച്ചുപോയ അപകടമോ കൊലപാതകമോ അല്ല ഇത്. പ്രതി രണ്ട് ബാറുകളില്‍ പോയി മദ്യപിച്ചിരുന്നു, നമ്പര്‍പ്ലേറ്റില്ലാത്ത കാര്‍ തിരക്കുള്ള, ഇടുങ്ങിയ തെരുവില്‍ അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചു, ഇതേക്കുറിച്ചെല്ലാം ഇയാള്‍ക്ക് ശരിക്കും ബോധ്യമുണ്ടായിരുന്നെന്ന് മാത്രമല്ല ഇതുകാരണം ആളുകളെ ജീവന്‍ അപകടത്തില്‍പ്പെട്ടേക്കാമെന്നും പ്രതിക്ക് അറിയാമായിരുന്നു.”-പുണെ പൊലീസ് കമ്മിഷണര്‍ അമൃതേഷ് കുമാര്‍ അറിയിച്ചു.
പുണെയിലെ സമ്പന്ന കുടുംബത്തില്‍പ്പെട്ട പ്രതിയെ രക്ഷിക്കാന്‍ പൊലീസും മറ്റ് അധികൃതരും ശ്രമിക്കുന്നുവെന്ന് തുടക്കം മുതല്‍ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ കൗമാരക്കാരന്‍ ജുവനൈല്‍ ഹോമിലാണ്.