തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കിഴക്കമ്പലത്ത് ട്വന്റി ട്വൻ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മെഡിക്കൽ സ്റ്റോർ അടയ്ക്കാൻ ജില്ലാ വരണാധികാരി ഉത്തരവിട്ടു. 80 ശതമാനം വിലക്കുറവിൽ മരുന്നുകൾ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തിലാണ് മെഡിക്കൽ സ്റ്റോർ ആരംഭിച്ചത്.
പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷമാണ് മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രണ്ടു വ്യക്തികൾ ജില്ലാ വരണാധികാരിക്കു പരാതി നൽകിയിരുന്നു.
പരാതി പരിഗണിച്ച എറണാകുളം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ, ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കൽ സ്റ്റോറിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ നീക്കം ചെയ്യണമെന്നും ഉത്തരവിട്ടിട്ടുണ്ട്.