• Tue. Dec 24th, 2024

തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയ ബൈക്ക് മത്സരയോട്ടത്തിന് രൂപമാറ്റം വരുത്തിയത്; നിയമലംഘനത്തിന് 12 തവണ പിഴ

ByPathmanaban

Apr 8, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബൈക്ക് മത്സരയോട്ടത്തിന് രൂപമാറ്റം വരുത്തിയത്. നിയമലംഘനങ്ങള്‍ക്ക് തുടര്‍ച്ചയായി പിഴയിട്ടിരുന്ന ബൈക്കാണ് ഇതെന്നാണ് കണ്ടെത്തല്‍. 12 തവണയാണ് മുമ്പ് പിഴയിട്ടിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടമുണ്ടായത്. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്.അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ ഉണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍(19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

രൂപ മാറ്റം വരുത്തിയതിന് മൂന്ന് മാസം മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് 5000 രൂപ പിഴയിട്ടിരുന്നു. വെളുത്ത വണ്ടി നിറം മാറ്റി. ബൈക്കിന്റെ ഹാന്‍ഡിലില്‍ അടക്കം മാറ്റം വരുത്തിയിരുന്നു. ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും പ്രത്യേകം വെച്ചുപിടിപ്പിച്ചതാണ്. അമിതവേഗത അടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 12 തവണയാണ് പിഴയീടാക്കിയത്.

Spread the love

You cannot copy content of this page