• Sun. Jan 5th, 2025

അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തി; തിഹാര്‍ ജയില്‍ അധികൃതര്‍

ByPathmanaban

Apr 21, 2024

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചണ്ടികാട്ടുന്നത്. പ്രമേഹം അലട്ടുന്ന കെജ്രിവാളിന് ജയില്‍ അധികൃതര്‍ ഇന്‍സുലിന്‍ നിഷേധിക്കുന്നുവെന്ന ആരോപണം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരുന്നു.

തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഡോക്ടര്‍ക്ക് കീഴില്‍ പ്രമേഹം ചികിത്സിക്കുന്ന കെജ്രിവാള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്‍സുലിന്‍ ഉപയോഗം നിര്‍ത്തിയിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ മെറ്റ്ഫോര്‍മിന്‍ ഗുളിക മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്നുമാണ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്. തിഹാര്‍ ജയിലില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ കെജ്രിവാള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കെജ്രിവാളിന് ഇന്‍സുലിന്‍ നിര്‍ദേശിക്കുകയോ ഇന്‍സുലിന്‍ ഉപയോഗിക്കേണ്ട ആവശ്യകതയോ ഇല്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഏപ്രില്‍ 10 നും 15 നുമാണ് മെഡിസിന്‍ സ്പെഷ്യലിസ്റ്റ് കെജ്രിവാളിന്റെ ആരോഗ്യനില പരിശോധിച്ചത്. മധുരപലഹാരങ്ങള്‍, വാഴപ്പഴം, മാമ്പഴം, ഫ്രൂട്ട് ചാട്ട്, വറുത്ത ഭക്ഷണം, നംകീന്‍, ഭുജിയ, മധുരമുള്ള ചായ തുടങ്ങിയ ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് കെജ്രിവാള്‍ കഴിച്ചിരുന്നതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ എയിംസിന് അയച്ച കത്തില്‍ ചുണ്ടികാട്ടുന്നുണ്ട്. മെച്ചപ്പെട്ട ഡയറ്റ് പ്ലാന്‍ നിര്‍ദേശിക്കുന്നതിന് വേണ്ടിയായിരുന്നു എയിംസിന് കത്തയച്ചത് തുടര്‍ന്ന എയിംസ് നിര്‍ദ്ദേശിച്ച ഡയറ്റ് പ്ലാന്‍ നിലവില്‍ അദ്ദേഹം കഴിക്കുന്ന ആഹാര ക്രമത്തിന് യോജിക്കുന്നതല്ല.

അരവിന്ദ് കെജ്രിവാളിന് ചികിത്സ നിഷേധിച്ച് ആരോഗ്യനില അപകടത്തിലാക്കി മരണത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവുമായിരുന്നു ആംആദ്മി ഉയര്‍ത്തിയത്. പ്രമേഹം ടൈപ്പ് 2 രോഗമുള്ള കെജ്രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാന്‍ അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കിയില്ലെന്നും പാര്‍ട്ടി വക്താവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

Spread the love

You cannot copy content of this page