കാട്ടാക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ മുഖ്യപ്രതി എന്ന് സംശയിക്കുന്ന ആള്‍ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയാണ് കാരണമെന്നും കാട്ടാക്കട പോലീസ് വ്യക്തമാക്കി. അഞ്ചംഗ സംഘമാണ് വിഷ്ണുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഘത്തിലെ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും വെട്ടേറ്റ വിഷ്ണുവിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പത്തരയോടെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങുന്നതിനിടെയാണ് സംഭവം.
വിഷ്ണു ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമ്പലത്തിന്‍കാലയില്‍ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു.