• Tue. Dec 24th, 2024

150 കോടി രൂപയുടെ കോഴയാരോപണം; പ്രതിപക്ഷ നേതാവിനെതിരായ ഹര്‍ജി തള്ളി

ByPathmanaban

Apr 18, 2024

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. പി വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി. അന്‍വറിന്റെ ആരോപണത്തില്‍ പൊതു പ്രവര്‍ത്തകന്‍ ഹാഫിസ് ആയിരുന്നു ഹര്‍ജി നല്‍കിയത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അന്‍വറിന്റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അന്‍വര്‍ എംഎല്‍എ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളില്‍ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പി വി അന്‍വര്‍ ആരോപിച്ചത്.

Spread the love

You cannot copy content of this page