• Tue. Dec 24th, 2024

കാർഷിക ആവശ്യം; തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്നും വെള്ളം കൊണ്ടുപോയി തുടങ്ങി

ByPathmanaban

Jun 2, 2024

ഇടുക്കി: കഴിഞ്ഞ മൂന്ന് വർഷത്തെ പോലെ ഇത്തവണയും ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങി. ഇത് തമിഴ്‌നാടിൻറെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാണ്. സെക്കന്റിൽ 300 ഘനയടി വെള്ളമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. 119.15 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.

സെക്കൻഡിൽ 300 ഘനയടി വെള്ളം വീതമാണ് ഇപ്പോൾ തുറന്നു വിട്ടിരിക്കുന്നത്. ഇതിൽ 200 ഘനയടി കൃഷിക്കും 100 ഘനയടി തേനി ജില്ലയിലെ കുടിവെള്ളത്തിനും ഉപയോഗിക്കും. തേനി ജില്ലയിലെ കമ്പംവാലിയിലുള്ള 14707 ഏക്കർ സ്ഥലത്തെ നെൽപാടങ്ങളിൽ ഒന്നാം കൃഷിക്കായാണ് വെള്ളം ഉപയോഗിക്കുക. അടുത്തയിടെ ലഭിച്ച വേനൽ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാലാണ് ജൂൺ ഒന്നിന് തന്നെ വെള്ളമെടുക്കാൻ കഴിഞ്ഞത്. തേക്കടിയിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷമാണ് ഷട്ടർ തുറന്നത്.

മുല്ലപ്പെരിയാറിലെ വെള്ളം കിട്ടുമെന്ന് പ്രതീക്ഷിച്ച് കൃഷി ആരംഭിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തമിഴ്നാട്ടിലെ കർഷകർ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 118.45 അടി വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. കാലവർഷക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെ കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവും തമിഴ്നാട് വർധിപ്പിക്കും.

Spread the love

You cannot copy content of this page