തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യ്ക്കും എതിരായ കേസില്‍ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താന്‍ നടപടി തുടങ്ങി. അഭിഭാഷകനായ ബൈജു നോയല്‍, കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു എന്നിവര്‍ വാദികളായി രണ്ടു കേസുകളാണ് കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പും ഉള്‍പ്പെടുത്തി. അതിക്രമം, അന്യായമായി തടഞ്ഞുവയ്ക്കല്‍, അസഭ്യംപറയല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസിലെ മെമ്മറി കാര്‍ഡ് നഷ്ടമായ സംഭവത്തിലാണ് തെളിവുനശിപ്പിക്കലിന് മേയറുടെയും സംഘത്തിന്റെയും പേരില്‍ കേസെടുത്തിട്ടുള്ളത്. സച്ചിന്‍ദേവ് എം.എല്‍.എ. അസഭ്യം പറഞ്ഞു എന്നതടക്കമുള്ള യദുവിന്റെ ആരോപണവും എഫ്.ഐ.ആറിലുണ്ട്. എന്നാല്‍, കോടതിയിലെത്തിയ സ്വകാര്യ ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയുള്ള അന്വേഷണത്തില്‍ ഇതില്‍ പല വകുപ്പുകളും ഒഴിവാക്കിയേക്കും. പരിശോധനയ്ക്കു ശേഷം തെളിവില്ലാത്ത വകുപ്പുകള്‍ പോലീസിന് ഒഴിവാക്കാം. രണ്ട് കേസുകളും ഒരേ സംഭവത്തിലുള്ളതായതിനാല്‍ ഒന്നിച്ചായിരിക്കും അന്വേഷിക്കുക.
ബൈജുവിനോട് ചൊവ്വാഴ്ച മൊഴിയെടുക്കാന്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളില്‍ മൊഴിയെടുക്കും. സംഭവം നടന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവര്‍ യദുവിന്റെ മൊഴിയും വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും. എന്നാല്‍, തുടര്‍നടപടികള്‍ വിശദമായ അന്വേഷണത്തിനു ശേഷമേ ഉണ്ടാകൂ. സ്വകാര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസായതിനാല്‍ പരാതിയിലെ വകുപ്പുകള്‍ നിലനില്‍ക്കുമോയെന്ന് അന്വേഷിച്ച ശേഷം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയര്‍, എം.എല്‍.എ. എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.