• Fri. Jan 3rd, 2025

‘മാസപ്പടിയെക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കും’: സ്വപ്ന സുരേഷ്

ByPathmanaban

Apr 25, 2024

കൊച്ചി: മാസപ്പടിയെക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളറെന്ന് സ്വപ്ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കും. രേഖകള്‍ കൈമാറുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ് ഇന്ന് കോടതിയില്‍ ഹാജരായി. ഇന്ന് കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന ഹാജരായത്.

കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും, പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമാണ്. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം സ്‌പേസ് പാര്‍ക്കില്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച സ്വപ്നയ്ക്കു നല്‍കിയ ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) നിയമന ഏജന്‍സിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് കത്ത് നല്‍കിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നല്‍കാനാകില്ലെന്നാണ് പിഡബ്ല്യുസിയുടെ നിലപാട്.

Spread the love

You cannot copy content of this page