• Tue. Dec 24th, 2024

സുരേഷ് ഗോപി തൃശൂരങ്ങ് എടുത്തു;  74004 വോട്ടിന് വിജയിച്ചു. തൃശ്ശൂരിലെ ജനങ്ങള്‍ പ്രജാ ദൈവങ്ങളാണ്, അവര്‍ മൂലമാണ് എനിക്ക് ഇത് സാധിച്ചത്; സുരേഷ് ഗോപി

ByPathmanaban

Jun 4, 2024

തൃശ്ശൂര്‍: തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിശേഷിപ്പിച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശ്ശൂരിലെ യഥാര്‍ത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ഗോപി വണങ്ങി. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. വളരെ ഉയര്‍ന്ന ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ നിന്ന് ലഭിച്ചത്.

‘പ്രജാ ദൈവങ്ങള്‍ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴിതെറ്റിച്ചുവിടാന്‍, വക്രവഴിക്ക് തിരിച്ചുവിടാന്‍ നോക്കിയിടത്ത് നിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമായി, തിരിച്ച് എന്റേയും എന്നിലൂടെ എന്റെ രാഷ്ട്രീയ കക്ഷിയിലേക്കും അവരുടെ നിശ്ചയങ്ങള്‍ തിരിച്ചുവിട്ടെങ്കില്‍ ഇത് അവര്‍ നല്‍കുന്ന അനുഗ്രഹം കൂടിയാണ്. ഇത് അതിശയമെന്ന് തോന്നി, ഇതൊരു നേട്ടമായിരുന്നു. കല്ലുപോലെ കഴിഞ്ഞ 21ന് ശേഷം ഉറഞ്ഞുകൂടിയതാണ്. എനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിതരുന്നത്. കളിയാട്ടം, നാഷ്ണല്‍ അവാര്‍ഡ്, എന്റെ മക്കള്‍ കുടുംബം എല്ലാം വലിയ അനുഗ്രഹമാണ്. ആ അനുഗ്രഹമെന്ന് പറയുന്ന സ്ഥിതിയ്ക്കു മുകളില്‍ എത്ര കനത്തിലുള്ള വൃഷ്ടിയാണ് നടക്കുന്നതെന്ന് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല.

ഈ പക്ഷത്തേക്ക് കൊണ്ടുവരുന്നതിനായി പണിയെടുത്ത ആയിരത്തിലധികം ബൂത്തുകള്‍. ബൂത്തുകളിലെ പ്രവര്‍ത്തകര്‍, വോട്ടര്‍മാരടക്കം പ്രചരണത്തിനിറങ്ങി. എറണാകുളത്ത് നിന്നും മറ്റുജില്ലകളില്‍ നിന്നു നിരവധി പ്രവര്‍ത്തകരാണ് പ്രചാരണത്തിനിറങ്ങിയത്. ഡല്‍ഹി, മധ്യപ്രദേശ്, മുംബൈയില്‍ നിന്നും എത്രയോ വ്യക്തികള്‍ എത്തി. ഈ 42 ദിവസവും എന്റെ പ്രയത്‌നത്തിനിടയ്ക്ക് അവരാണ് എന്നെ പ്രൊജക്ട് ചെയത് കാട്ടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തൊക്കെ ആവശ്യപ്പെട്ടോ പ്രതീക്ഷിച്ചതിന്റെ നൂറിരട്ടിയായി തിരിച്ചുതന്നിട്ടുണ്ട്’, സുരേഷ് ഗോപി പറഞ്ഞു. ഈ വിജയം അതിശയം എന്ന നിലയ്ക്ക് ആര്‍ക്ക് തോന്നിയാലും ഇതൊരു നേട്ടമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Spread the love

You cannot copy content of this page