കൊച്ചി: ‘തൃശൂർ ഞാനിങ്ങേടുക്കുവാ.. എനിക്കതു വേണം’, ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ആവശ്യം തൃശൂരിലെ ജനം അംഗീകരിച്ച മട്ടാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂരിൽ സുരേഷ് ഗോപി വിജയത്തിലേക്ക് അടുക്കുകയാണ്. സുരേഷ് ഗോപിയുടെ ലീഡ് നില 37766 കടന്നു. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. നാല് റൗണ്ടിലും സുരേഷ് ഗോപി മുന്നിലായിരുന്നു.
രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാറായിരുന്നു. കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തായത് യുഡിഎഫിന് ക്ഷീണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടമാണ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. 2019-ല്‍ സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തായിരുന്നു
തിരുവനന്തപുരത്തും എന്‍ഡിഎ കനത്ത പോരാട്ടമാണ് നടത്തുന്നത്. രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്യുന്നത് ശശി തരൂരിന് വെല്ലുവിളിയാകുന്നുണ്ട്. വടകരയില്‍ ഷാഫി പറമ്പില്‍ ലീഡ് നിലയില്‍ മുന്നിലെത്തിയതോടെ കെ കെ ശൈലജ രണ്ടാമതായി. നിലവില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. 17 ഇടങ്ങളില്‍ മുന്നിലാണ്.