• Tue. Dec 24th, 2024

കങ്കണയ്ക്ക് എതിരായ വിവാദ പരാമര്‍ശം: സുപ്രിയ ശ്രീനേതിന് ഇത്തവണ സീറ്റില്ല; മഹാരാജ്ഗഞ്ചില്‍ വിരേന്ദ്ര ചൗധരി

ByPathmanaban

Mar 28, 2024

ഡല്‍ഹി: നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ടിനെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിനു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല. സുപ്രിയ ശ്രീനേത് മത്സരിക്കാന്‍ സാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് വീരേന്ദ്ര ചൗധരിയെ പ്രഖ്യാപിച്ചു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പങ്കജ് ചൗധരിയോട് സുപ്രിയ പരാജയപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് കോണ്‍ഗ്രസ് എട്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ 14 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതുവരെ 208 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ഹിമാചലില്‍ മണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കങ്കണക്കെതിരെയുള്ള അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ സുപ്രിയ പോസ്റ്റ് പിന്‍വലിക്കുകയും അക്കൗണ്ട് ഹാക്ക് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കങ്കണ സുപ്രിയയ്ക്ക് മറുപടി നല്‍കിയിരുന്നു.

’20 വര്‍ഷ കാലയളവില്‍ എല്ലാവിധത്തിലുള്ള സ്ത്രീകഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. നിഷ്‌കളങ്കയായ പെണ്‍കുട്ടി മുതല്‍ ചാരവൃത്തി നടത്തുന്ന സ്ത്രീയായും ലൈംഗിക തൊഴിലാളിയായും വിപ്ലവ നേതാവുമായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളും അന്തസ് അര്‍ഹിക്കുന്നുണ്ട് ‘ എന്നായിരുന്നു കങ്കണയുടെ മറുപടി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിയയ്ക്കു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു.

Spread the love

You cannot copy content of this page