• Mon. Dec 23rd, 2024

‘പതഞ്ജലി’യുടെ പരസ്യക്കേസ്; ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

ByPathmanaban

Mar 19, 2024

‘പതഞ്ജലി’യുടെ പരസ്യക്കേസില്‍ ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. ഔഷധഗുണങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഉത്തരവ്. പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ ഹിമ കോലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ ഹിയറിംഗില്‍, പതഞ്ജലിക്കും മാനേജിംഗ് ഡയറക്ടര്‍ക്കും കാരണം കാണിക്കാന്‍ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ച സമയം അനുവദിച്ചിട്ടും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മേല്‍പ്പറഞ്ഞ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, അടുത്ത ഹിയറിംഗില്‍ രാംദേവ്, ‘പതഞ്ജലി’ എംഡി എന്നിവര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ബെഞ്ച് ഉത്തരവിട്ടു.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് പതഞ്ജലിക്ക് വേണ്ടി ഹാജരായത്. മറുപടി എവിടെ – നടപടിക്രമങ്ങളുടെ തുടക്കത്തില്‍ തന്നെ ജസ്റ്റിസ് കോഹ്ലി ചോദിച്ചു. മറുപടി ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് റോത്തഗി മറുപടി നല്‍കി. ‘ഉത്തരം പര്യാപ്തമല്ല…വിഷയം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. മറുപടി നല്‍കയില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരും’- ജസ്റ്റിസ് കോഹ്ലി പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Spread the love

You cannot copy content of this page