കലാരംഗത്ത് താന്‍ അവഗണിക്കപ്പെട്ടുപോയത് വിപ്ലവഗാനങ്ങള്‍ എഴുതാനോ കൊടിപിടിക്കാനോ പോകാത്തതുകൊണ്ടാകാം എന്ന് സംശയമുണ്ടെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. താന്‍ ഇടത് അനുഭാവിയാണെങ്കിലും ആശയങ്ങള്‍ വിറ്റ് കാശാക്കിയിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
‘പി ഭാസ്കരനും വയലാറും ഒഎന്‍വിയും വിപ്ലവഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഞാന്‍ അങ്ങനെ വിപ്ലവകവിയായിട്ട് വന്നയാളല്ല, ശ്രീകുമാരന്‍ തമ്പി ആയിത്തന്നെയാണ് വന്നത്. എന്നെ പിന്താങ്ങാന് സംഘടനകളുമുണ്ടായിരുന്നില്ല എന്റെ ആശയങ്ങളെ വിറ്റ് ഞാന്‍ കാശുണ്ടാക്കിയിട്ടുമില്ല. പക്ഷേ ആ ആശയങ്ങളെല്ലാം എന്റെ മനസിലായിരുന്നു. ഒറ്റയ്ക്ക് വന്ന് നിന്നയാളാണ് താനെന്നും തനിച്ച് ജയിക്കുക എന്നത് നിസാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമയെയും ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു. കലയുടെ അടിസ്ഥാനം വര്‍ണമല്ലെന്നും ഒരു കലാകാരനും ആ രീതിയില്‍ സംസാരിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സത്യഭാമ കലാമണ്ഡലത്തിന്റെ പേര് ദുരുപയോഗം ചെയ്തു. വര്‍ണങ്ങള്‍ക്ക് അതീതമാണ് കല. മുദ്രകളും ചലനങ്ങളുമാണ് കലാകാരന് വേണ്ടത്. അവിടെ നിറത്തിന് സ്ഥാനമില്ലെന്നും ശ്രീകുമാരന്‍ തമ്പി നിലപാട് വ്യക്തമാക്കി.