• Sun. Dec 22nd, 2024

50 വർഷങ്ങൾക്കിപ്പുറം ഇന്ന് സമ്പൂ‍‍ർണ സൂര്യഗ്രഹണം; കാത്തിരിപ്പിൽ ലോകം

ByPathmanaban

Apr 8, 2024

അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

100 വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്പൂർണ സൂര്യ​ഗ്രഹണം ഉണ്ടാവുകയൊള്ളൂ. യുഎസ്, കാനഡ, മെക്‌സിക്കോ, നോര്‍ത്ത് അമേരിക്കയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒൻപതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യ​ഗ്രഹണം കാണാനാകും.

എന്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം ?

സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. ഈ സമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്‌കും ചന്ദ്രന്‍ മൂടുകയും ചെയ്യുന്നു. നട്ടുച്ച സമയത്തുള്ള ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു കൂടിയാണ് സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്നു പഴമക്കാര്‍ പറയുന്നത്.

സൂര്യഗ്രഹണം എങ്ങനെ കാണാം?

ഗ്രഹണം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവര്‍ സൂര്യനെ നോക്കുമ്പോൾ സോളാര്‍ ഫില്‍റ്ററുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. ഇത് സൂര്യന്റെ ഒരു ചിത്രം അടുത്തുള്ള ഒരു പ്രതലത്തിലേക്ക് പ്രതിഫലിപ്പിക്കും. അതുവഴി, സൂര്യരശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കാതെ കാണാനാകും.

ഇത്തവണ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ കണ്ടതിലേക്കും വച്ച് ഏറ്റവും ശ്രദ്ധേയമായ ദൃശ്യവിരുന്നു തന്നെ കാണാനായേക്കുമെങ്കിലും ഇന്ത്യയിൽ രാത്രിയായത് കൊണ്ട് കാണാൻ കഴിയില്ല. പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനുളള അവസരമായി കൂടിയാണ് ഇത്തരം സന്ദർഭങ്ങളെ ശാസ്ത്രജ്ഞര്‍ കാണുന്നത്. അതിനാൽ ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ദിവസം തന്നെയാണ് ഏപ്രിൽ 8 എന്ന് ഉറപ്പാണ്.

Spread the love

You cannot copy content of this page