• Tue. Dec 24th, 2024

‘ഇലക്ടറല്‍ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ല’: ഷിബു ബേബി ജോണിന് മറുപടിയായി സീതാറാം യെച്ചൂരി

ByPathmanaban

Apr 6, 2024

തിരുവനന്തപുരം: ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട വിവാദ ഫാര്‍മ കമ്പനികളില്‍ നിന്ന് സിപിഎം പണം വാങ്ങിയെന്ന ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇലക്ടറല്‍ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ലെന്ന് യെച്ചൂരി. കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന് ഷിബു ബേബി ജോണിന് മറുപടിയായി യെച്ചൂരി പറഞ്ഞു. നിയമപരമായി സംഭാവന സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും യെച്ചൂരി ചോദിച്ചു. സിപിഎം സംഭാവന സ്വീകരിച്ചതെല്ലാം സുതാര്യമായിട്ടാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന കിട്ടിയ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട വിവാദ ഫാര്‍മ കമ്പനികളില്‍ നിന്ന് സിപിഎം പണം വാങ്ങിയെന്നാണ് ഷിബു ബേബി ജോണിന്റെ ആരോപണം. വിവാദ ഫാര്‍മ കമ്പനികളായ മേഘാ എഞ്ചിനിയറിംഗ്, നവയുഗ എഞ്ചിനിയറിംഗ് എന്നിവയില്‍ നിന്നാണ് സിപിഎം പണം വാങ്ങിയതെന്നാണ് ഷിബു ആരോപിച്ചത്. ഇത് കൂടാതെ കിറ്റെക്‌സില്‍ നിന്നും മുത്തൂറ്റില്‍ നിന്നും പണം വാങ്ങി. യൂണിടെക്കും രണ്ടുതവണ പണം കൊടുത്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുളള പണം വാങ്ങിയ കണക്കുകളാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. വിവാദ കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പറയുന്ന സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണെന്നും ഷിബു ആരോപിച്ചിരുന്നു.

Spread the love

You cannot copy content of this page