• Tue. Dec 24th, 2024

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ

ByPathmanaban

May 11, 2024

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ട്. അവര്‍ കൃത്യമായും സത്യസന്ധമായുമാണ് കേസ് അന്വേഷിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിനാല്‍ കേസില്‍ ഇനി സബിഐ അന്വേഷണം ആവശ്യമില്ല. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി കേസ് സിബിഐക്ക് വിടാന്‍ അഭ്യര്‍ഥിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.

ബിജെപി കര്‍ണ്ണാടക ഭരിക്കുമ്പോള്‍ ഒരു കേസെങ്കിലും സിബിഐക്ക് വിട്ടിട്ടുണ്ടോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്ത് ഡോ രവി കേസ്, ലോട്ടറി കേസ്, മന്ത്രി കെജി ജോര്‍ജിനെതിരായ ആരോപണങ്ങള്‍ എന്നിവയെല്ലം സിബിഐക്ക് വിട്ടു. ഈ കേസുകളില്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്നും സിദ്ധരാമയ്യ ചോദിച്ചു.

ബിജെപി മുമ്പ് സിബിഐയെ കറപ്ഷന്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ എന്നാണ് വിളിച്ചിരുന്നത്. ദേവഗൗഡ ചോര്‍ ബച്ചാവോ ഓര്‍ഗനൈസേഷനെന്ന് വിളിച്ചു. ഇപ്പോള്‍ അവര്‍ക്ക് സിബിഐയില്‍ വിശ്വാസമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമപരമായ കാര്യങ്ങളില്‍ ഇടപെടാറില്ല. രേവണ്ണ കേസില്‍ അന്വേഷണസംഘം ശരിയായി അന്വേഷണം നടത്തും. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിക്കില്ല. പൊലീസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രേവണ്ണക്കെതിരായ കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണവും സിദ്ധരാമയ്യ നിഷേധിച്ചു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതെന്ന് സിദ്ധരാമയ്യ ചോദിച്ചു.

Spread the love

You cannot copy content of this page