ആലപ്പുഴ: സിപിഐഎം നേതാവ് ഇ പി ജയരാജന് ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. ഇ പി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായി വിജയന് വ്യക്തമായി അറിയാം. ഇപി ജയരാജന്റെ മക്കള്‍ തനിക്ക് മെസ്സേജ് അയക്കേണ്ട ആവശ്യം എന്താണ്? പ്ലീസ് നോട്ട് മൈ നമ്പര്‍ എന്നായിരുന്നു ഇ പി ജയരാജന്റെ മകന് വാട്സാപ്പിലൂടെ അയച്ചത്. ബിജെപിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത് ഡല്‍ഹിയില്‍ വച്ചാണ്. ആകെ രണ്ടു തവണയാണ് താന്‍ വിദേശത്ത് പോയത്. ഇ പി ജയരാജന്റെ കുടുംബത്തെ ബാധിക്കും എന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല.
ഇ പി ജയരാജന് ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായിക്ക് വ്യക്തമായി അറിയാം. ഇ പിയുമായുള്ള ഡല്‍ഹി ചര്‍ച്ചക്ക് തനിക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാറാണ്. കൊച്ചി -കോയമ്പത്തൂര്‍ , കോയമ്പത്തൂര്‍ -ഡല്‍ഹി ടിക്കറ്റ് ആണ് അയച്ചത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ ആക്ഷേപിച്ചു, നന്ദകുമാറിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ശോഭ ഒരു കോടി രൂപ നല്കി പോണ്ടിച്ചേരിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആകാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ തള്ളി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കെതിരെ നന്ദകുമാറിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച നന്ദകുമാറിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കണമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.