• Tue. Dec 24th, 2024

ഷാന്‍ വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ

ByPathmanaban

Apr 6, 2024

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേല്‍ കോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരേ ഷാന്റെ കുടുംബവുമായി കൂടിയാലോചിച്ച് മേല്‍ കോടതിയില്‍ അപ്പീല്‍ പോകും.

2021 ഡിസംബര്‍ 18 ന് രാത്രിയിലാണ് ഷാനെ അക്രമികള്‍ കൊലപ്പെടുത്തിയത്. ഷാന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കു മുഴുവന്‍ ജാമ്യം കൊടുത്തു.ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രതികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കേസില്‍ തുടര്‍ നടപടിയുണ്ടായില്ല. അന്വേഷണത്തിലും നിയമവ്യവഹാരങ്ങളിലും കടുത്ത വിവേചനവും ഇരട്ട നീതിയും വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഷാന്‍ വധക്കേസിന്റെ നാള്‍വഴിയിലുടനീളം പുറത്തുവരുന്നത്. കെ എസ് ഷാന് നീതി ലഭിക്കുന്നതിനായുള്ള നിയമപോരാട്ടങ്ങളുമായി ശക്തമായി മുമ്പോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

You cannot copy content of this page