• Tue. Dec 24th, 2024

ആദ്യമായല്ല രാജീവ് ചന്ദ്രശേഖര്‍ വ്യാജ സത്യവാങ്മൂലം സമര്‍പിക്കുന്നത്; സുപ്രിംകോടതി അഭിഭാഷക അവ്‌നി ബന്‍സല്‍ സംസാരിക്കുന്നു

ByPathmanaban

Apr 6, 2024

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോകസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. വലിയ രീതിയില്‍ ജനപിന്തുണയുള്ള നേതാക്കളെയാണ് ഭരണ,പ്രതിപക്ഷ, പാര്‍ട്ടികള്‍ ഇത്തവണയും തലസ്ഥാന നഗരിയില്‍ ജനവിധി തേടുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ബിജെപിക്ക് ഒരൊറ്റ താമര പോലും വിരിയിക്കാന്‍ കഴിയില്ലെന്ന കേരളത്തിലെ മണ്ഡലങ്ങളിലെ സ്ഥിതി മാറ്റി മറിക്കാനാവുമെന്ന കടുത്ത ശുഭാപ്തി വിശ്വാസത്തിലാണ് എന്‍ഡിഎ. എന്നാല്‍ പാര്‍ട്ടിയുടെ വിശ്വാസത്തിന് കോട്ടം തട്ടിക്കുന്നതാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഉയര്‍ന്നു വരുന്ന പുതിയ ആരോപണങ്ങള്‍.

രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുയാണ് സുപ്രിം കോടതി അഭിഭാഷകയായ അവ്‌നി ബന്‍സല്‍. രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അവ്‌നി ബന്‍സല്‍ തിരുവനന്തപുരം ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജെറോമിക് ജോര്‍ജ് ഐ എ എസിന് പരാതി നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ, വ്യജ സത്യവാങ്മൂലം നല്‍കി 8000 കോടിയുടെ ആസ്തി മറച്ചു വച്ചുവെന്ന ഗുരുതര ആരോപണം കോണ്‍ഗ്രസും ചന്ദ്ര ശേഖറിനെതിരെ ഉന്നയിക്കുന്നുണ്ട്.

2021-2022 വര്‍ഷത്തില്‍ ആദായനികുതി വകുപ്പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം നികുതി ഇനത്തില്‍ 680 രൂപ അടച്ചതായും ഒന്‍പത് കോടി 25 രൂപയുടെ ആസ്തിയുമാണ് മാത്രമാണ് തനിക്കുള്ളത് എന്നാണ് രാജീവ് ചന്ദ്ര ശേഖര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ജുപിറ്റര്‍ ക്യാപിറ്റല്‍ അടക്കമുള്ള തന്റെ പ്രധാന ആസ്ഥികളുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അവനി പറയുന്നത്. രാജീവ് ചന്ദ്രശേഖര്‍ ഇതാദ്യമായല്ല വ്യാജ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതെന്നും സമാനമായി യഥാര്‍ത്ഥ സ്വത്ത് വിവരങ്ങള്‍ മറച്ച് വച്ചാണ് 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചെന്നാണ് അവ്‌നി ബന്‍സല്‍ പറയുന്നത്.

രാജീവ് ചന്ദ്ര ശേഖറിന്റെ വ്യാജ സത്യവാങ്മൂലത്തെ തന്റെ പരാതിയെ കുറിച്ചും അവ്‌നി ബന്‍സല്‍ സംസാരിക്കുന്നു;

‘2018 ല്‍ രാജീവ് ചന്ദ്ര ശേഖര്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചു കൊണ്ടാണ് നിയമ സഭ തെരഞ്ഞടുപ്പില്‍ വിജയിച്ചത്. ആ സമയത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമ പ്രകാരം, ഒരു സ്ഥാനാര്‍ഥി വ്യാജ സത്യവാങ് മൂലം സമര്‍പ്പിച്ചുവെന്ന് ഒരു ഇന്ത്യന്‍ പൗരന്‍ കണ്ടെത്തിയാല്‍ സ്ഥാനാത്ഥിക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി ആ സ്ഥാനാര്‍ഥി മത്സരിക്കുന്ന മണ്ഡലത്തിലെ ക്രിമിനല്‍ കോടതിയെ സമീപിക്കണം എന്നായിരുന്നു. പിന്നീട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി. റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാം എന്നാക്കി. 2022 ല്‍ ഞങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു മറുപടി കത്ത് അയച്ചിരുന്നു. കത്തില്‍ പറഞ്ഞത് പ്രകാരം ഞങ്ങളുടെ പരാതി സ്വീകരിച്ചുവെന്നും സി ബി ഡി റ്റിക്ക് ( സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന് ) അയച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിട്ടേണിംഗ് ഓഫീസര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാവുന്ന സാഹചര്യം ഇന്ന് നിലവിലുണ്ട്. അതിനാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ മറുപടി ലഭിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. രാജീവ് ചന്ദ്ര ശേഖറിനെതിരെ മുന്‍പ് നല്‍കിയ പരാതി അദ്ദേഹം തെരെഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷമായിരുന്നു.

‘സത്യവാങ്മൂലത്തിന്റെ പകര്‍പ്പുകള്‍ സഹിതം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിന് (CBDT) അയച്ചതിനാല്‍ വകുപ്പ് വിഷയത്തെ കുറിച്ച് പഠിക്കുമെന്നും. അതോടൊപ്പം, റവന്യൂ വകുപ്പ്, മിയോ ഫിനാന്‍സ്, എന്നിവ ആരോപണങ്ങളുടെയും പരാതിയുടെയും നിജസ്ഥിതി അറിയാനും നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ശ്രമിക്കുമെന്നായിരുന്നു കത്തില്‍ വ്യക്തമാക്കിയിരുന്നത്. 2022 സെപ്റ്റംബര്‍ 22 നാണ് ഞാന്‍ കൈപ്പറ്റുന്നത്, എന്നാല്‍ ഇന്നുവരെ നല്‍കിയ പരാതിയിന്മേല്‍ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല. എന്ന് മാത്രല്ല രാജീവ് ചന്ദ്ര ശേഖര്‍ വീണ്ടും ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ‘ നടപടി സ്വീകരിക്കാനുള്ള അതികാരമുണ്ടായിട്ടും അതികൃധര്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും അവ്‌നി ചോദിക്കുന്നു.

രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ പ്രഖ്യാപിച്ച അദേഹത്തിന്റെ മുഴുവന്‍ സ്വത്ത് ഏകദേശം 9 കോടി 25 ലക്ഷം ആണ്. എന്നാല്‍ ഇത് വസ്തുതാപരമായി തെറ്റാണ് എന്നാണ് അവ്‌നി ബന്‍സല്‍ ആരോപിക്കുന്നത്. ബോണ്ടുകള്‍, കടപ്പത്രങ്ങള്‍/ഷെയറുകള്‍, കമ്പനികള്‍/മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലെയും മറ്റുള്ളവയിലെയും രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപത്തിന്റെ വിശതാംശങ്ങള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ മുഴുവന്‍ സ്വത്തിന്റെയും മൂല്യം ഒന്നിച്ച് ചേര്‍ത്താല്‍ 45 കോടി രൂപയോളം വരും. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും തന്നെ സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടില്ല. രാജീവ് ചന്ദ്ര ശേഖറിന്റെ ഈ പ്രവര്‍ത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതും വലിയ അഴിമതിയുമാണ് എന്നാണ് അവ്‌നി തന്റെ പരാതിയിലൂടെ ചൂണ്ടി കാണിക്കുന്നത്. മേല്‍ പറഞ്ഞ വിശദാംശങ്ങള്‍ കൂടാതെ ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് അവ്‌നി ബന്‍സല്‍ പറയുന്നുണ്ട്. ഇതിന് തെളിവായി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ വസതിയുടെ നികുതി അടച്ച രസീതും അവ്‌നി പങ്കുവച്ചിട്ടുണ്ട്.

Spread the love

You cannot copy content of this page