• Tue. Dec 24th, 2024

രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് തേടുന്നു; ആരോപണവുമായി ശശി തരൂര്‍

ByPathmanaban

Apr 6, 2024

തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കടുത്ത ആരോപണവുമായി ശശി തരൂര്‍. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ട് തേടുന്നുവെന്ന് ശശി തരൂര്‍ ആരോപിച്ചു. മത, സാമുദായിക നേതാക്കളുള്‍പ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്ന് ശശി തരൂര്‍ പറഞ്ഞു.

ഇക്കാര്യം പുറത്ത് പറയാന്‍ ആരും തയറാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. തെളിവുകളുണ്ടെന്നും ഇക്കാര്യം പുറത്തുവിടാന്‍ പറ്റാത്തതിന്റെ കാരണം പണം ലഭിച്ചവര്‍ പരസ്യമായി തുറന്നുപറയാത്തതുകൊണ്ടാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. കഴിഞ്ഞത്തവണത്തേക്കാള്‍ നൂറിരട്ടി പണം മണ്ഡലത്തില്‍ ബിജെപി ചെലവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളി സ്വഭിമാനമുള്ളതുകൊണ്ട് പണം വാങ്ങി വോട്ട് ചെയ്യില്ലെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തിരുവനന്തപുരത്ത് ബിജെപിയുമായാണ് മത്സരമെന്നും ബിജെപി രണ്ടാമത് എത്തുമെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്മാര്‍ തിരുവനന്തപുരത്തെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ്. ശശി തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്.

19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരിബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വര്‍ണവും 22.68 ലക്ഷം വിലയുള്ള രണ്ടു കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കളാണുള്ളത്. കട ബാധ്യതകളില്ല. കൈവശം 36000 രൂപ മാത്രമാണ് ഉള്ളതെന്നും നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ സൂചിപ്പിക്കുന്നു.

Spread the love

You cannot copy content of this page