കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറും തിരഞ്ഞെടുപ്പ് എതിരാളിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലുള്ള നേരിട്ടുള്ള സംവാദത്തിന് തിരുവനന്തപുരം സാക്ഷ്യം വഹിക്കുമോ? മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു സംവാദത്തിന് തയ്യാറാണെന്ന് ഇരു നേതാക്കളും പറഞ്ഞു.
‘ശശി തരൂരുമായി ആശയങ്ങള്‍, വികസനം, ആരുടെ ട്രാക്ക് റെക്കോര്‍ഡ് മെച്ചമാണ് എന്നതിനെച്ചൊല്ലി സംവാദത്തിന് ഞാന്‍ തയ്യാറാണ്. ഞാന്‍ ഇത് ആദ്യം മുതലേ പറയുന്നുണ്ട്.’ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.
‘അതെ, ഞാന്‍ ഒരു സംവാദത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതുവരെ ഒരു സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ആരാണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അറിയാം. നമുക്ക് രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാം.’ രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളിയുടെ വീഡിയോ പങ്കുവെച്ച് എക്സില്‍ എഴുതി.
‘വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത, ബിജെപിയുടെ 10 വര്‍ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയം എന്നിവ ചര്‍ച്ച ചെയ്യാം. തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചും കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ കൈവരിച്ച പ്രകടമായ പുരോഗതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാം,’ തരൂര്‍ പറഞ്ഞു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഇരു പാര്‍ട്ടികളും അഭിമാനപോരാട്ടമാണ്. അതിനാല്‍ തന്നെ വലിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മണ്ടലം സാക്ഷ്യം വഹിക്കുന്നത്. രണ്ട് നേതാക്കളും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരസ്പരം പരാതി നല്‍കിയതാണ് ഏറ്റവും പുതിയ സംഭവവികാസം.
യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ വോട്ടിന് പണം നല്‍കിയെന്നതാണ് ചന്ദ്രശേഖറിന്റെ പരാതി. ആരോപണം നിഷേധിച്ച തരൂരിന്റെ സംഘം ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. അതിനിടെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ചന്ദ്രശേഖറിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും പരാതി നല്‍കി.
ചന്ദ്രശേഖറിനും തരൂരിനും പുറമെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐ നേതാവും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രനും ഇവിടെ മത്സരിക്കുന്നുണ്ട്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായി ഏപ്രില്‍ 26ന് നടക്കും.