• Tue. Dec 24th, 2024

‘വഴക്ക്’ തുടർന്ന് കൊണ്ടിരിക്കെ മുഴുനീള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ

ByPathmanaban

May 14, 2024

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ മുഴു നീള ചിത്രത്തിന്റെ ലിങ്ക് ഫേസ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ. ‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. ‘വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം’ എന്നാണ് ലിങ്ക് പങ്കുവെച്ചുക്കൊണ്ട് സംവിധായകൻ കുറിച്ചിരിക്കുന്നത്.

‘വഴക്ക്’ എന്ന സിനിമ തിയറ്ററിലൂടെ പുറത്തിറക്കാൻ ടോവിനോ ശ്രമിക്കുന്നില്ലെന്നും സിനിമ തിയറ്ററുകളിലെത്തിയാൽ അത് തന്റെ കരിയറിനെ ബാധിക്കുമെന്ന് ടോവിനോ പറഞ്ഞെന്നുമായിരുന്നു സനലിന്റെ ആരോപണം. പൊതുവെ ‘വഴക്ക്’ എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമല്ല എന്ന് ഇതിനിടെ പല കാരണങ്ങൾ കൊണ്ടും തോന്നിയിരുന്നുവെന്നും ആളുകൾ വലുതെന്നു കരുതുന്ന മനുഷ്യർ പലരും വാസ്തവത്തിൽ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങളാണിതെന്നും സനൽ കുമാർ പറഞ്ഞിരുന്നു.

ഇതിനെതിരെ ടൊവിനോയും രംഗത്തെത്തിയിരുന്നു. വഴക്ക് ഒരു നല്ല സിനിമയാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടോവിനോ പറഞ്ഞു. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്പോര് തുടർന്ന് കൊണ്ടിരിക്കെയാണ് പ്രതീക്ഷിക്കാതെ സനൽകുമാർ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്

Spread the love

You cannot copy content of this page