• Tue. Dec 24th, 2024

കൊടകര കുഴല്‍പ്പണ കേസ്; സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കണമെന്ന് ആര്‍ ജെ ഡി

ByPathmanaban

Apr 14, 2024

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസിലെ സാക്ഷിയും ബി ജെ പി പ്രവര്‍ത്തകനുമായ ധര്‍മജന്‍ പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കണമെന്ന് ആര്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പില്‍ 40 ലക്ഷം രൂപയാണ് സ്ഥാനാര്‍ത്ഥി കള്‍ക്ക് പ്രചാരണത്തിന് ചെലവഴിക്കാന്‍ കഴിയുക.

കൊടകര കുഴല്‍പണ കേസിന്റെ കുറ്റപത്രത്തില്‍ തന്നെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ അയച്ച റിപ്പോര്‍ട്ട് ലഭിച്ചെന്ന് ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഒരേ ദിവസം അയച്ച റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഇ ഡിയും ആദായ നികുതി വകുപ്പും ബി ജെ പിയുടെ പോഷക സംഘടനകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സുരേഷ് ഗോപിക്കുമാത്രം നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ കുഴല്‍പണമായി 6.60 കോടി രൂപ നല്‍കിയെന്നാണ് ധര്‍മജന്‍ കേസില്‍ മൊഴിനല്‍കിയിരിക്കുന്നത്. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും സലീം പറഞ്ഞു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അസി കമീഷണര്‍ വി കെ രാജു ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല.

Spread the love

You cannot copy content of this page