• Mon. Dec 23rd, 2024

ആലത്തൂരിൽ ഉള്ളവർ കോൺഗ്രസിനൊപ്പമാണ്: രമ്യാ ഹരിദാസ്

ByPathmanaban

Jun 4, 2024

പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ്് പ്രതികരിച്ചു. ‘കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര്‍ ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അവരില്‍ ഒരാളായി കഴിഞ്ഞ അഞ്ച് വര്‍ഷം കൂടെ ചേര്‍ന്നു നിന്നുകൊണ്ട് ഫുള്‍ടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂര്കാര് നല്‍കും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണ്. അഞ്ച് വര്‍ഷക്കാലം അവരൊടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും അനുജത്തിമാരും അനുജന്മാരുേടയും എല്ലാ പിന്തുണയും കൂടെയുണ്ടാകും’, രമ്യ ഹരിദാസ് പറഞ്ഞു.


രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26നായിരുന്നു കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാന്‍ ഓരോ ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകള്‍ ഉണ്ടാകും. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ കൗണ്ടിങ് സൂപ്പര്‍വൈസറായി ഉണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിവരും മേശയ്ക്കു ചുറ്റുമുണ്ടാവും. ഇവര്‍ക്കുപുറമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്കുമാത്രമാണ് ഹാളിലേക്ക് പ്രവേശനമുണ്ടാവുക. തപാല്‍വോട്ടുകള്‍ എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സര്‍വീസ് വോട്ടര്‍മാരുടെ വോട്ടുകളും റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക.

Spread the love

You cannot copy content of this page