ബെംഗളൂരു : തൊഴിലാളി ദിനത്തില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി ബെംഗളൂരു നഗരം. നാല്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ദിവസമാണ് ബുധനാഴ്ച ബെംഗളൂരുവില്‍ കടന്ന് പോയത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 38.1 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്ച ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത്. ബെംഗളൂരു അന്തര്‍ദേശീയ വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയും ബുധനാഴ്ച രേഖപ്പെടുത്തി. 39.2 ഡിഗ്രി സെല്‍ഷ്യസ്.
2024 ഏപ്രിലിലെ കണക്കുകള്‍ ഇത് തെറ്റിച്ചു. ഏറ്റവുമധികം ചൂട് കൂടിയ 20 ദിവസങ്ങള്‍ 2024 ഏപ്രിലിലാണ് ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത്. ഇതിന് പുറമേയാണ് ഒരു മഴപോലും പെയ്യാത്ത സാഹചര്യം നഗരം നേരിടുന്നത്. കാറ്റിന്റെ പാറ്റേണുകളിലുണ്ടാകുന്ന വ്യതിയാനമാണ് മേഘങ്ങള്‍ രൂപീകൃതമാവുന്നതിന് തടസ്സമാകുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ചയോടെയോ ബെംഗളൂരുവിനെ മഴ കടാക്ഷിച്ചേക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നു.
ഉടനെ കൊടും ചൂടിന് ബെംഗളൂരുവില്‍ അന്ത്യമാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മെയ് മാസം ആദ്യം തന്നെ കനത്ത ചൂട് രേഖപ്പെടുത്തിയത് വരും ദിവസങ്ങളിലെ കനത്ത ചൂടിനുള്ള മുന്നറിയിപ്പാകാനുള്ള സാധ്യതയായാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. മെയ് മാസത്തില്‍ ബെംഗളൂരുവിലെ ശരാശരി താപനില 33- 35 വരെ ആവുമെന്നാണ് ഐഎംഡി വിശദമാക്കുന്നത്. 2016 ഏപ്രില്‍ മാസമായിരുന്നു ഇതിന് മുന്‍പ് ചൂട് കൂടിയ ദിവസങ്ങളായി കണക്കാക്കിയിരുന്നത്.