• Tue. Dec 24th, 2024

ഡീപ്പ് ഫേക്ക് വീഡിയോ; പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്

ByPathmanaban

Apr 22, 2024

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികള്‍ക്ക് വോട്ടഭ്യര്‍ഥിക്കുന്നതായി നടന്‍മാരുടെ ഡീപ് ഫെയ്ക്ക് വീഡിയോകള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. നേരത്തെ നടന്‍ ആമിര്‍ ഖാനും സമാന പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ പതിനാലാം തിയതി കാശി സന്ദര്‍ശിച്ച നടന്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് നല്‍കിയ പ്രതികരണത്തിന്റെ വീഡിയോയാണ് ഡീപ്പ് ഫേക്കിലൂടെ തെറ്റായി പ്രചരിച്ചത്. കോണ്‍ഗ്രസിന് വോട്ടഭ്യര്‍ത്ഥിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. നടി ക്രിതി സനോന്‍, ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര എന്നിവര്‍ക്കൊപ്പമായിരുന്നു താരത്തിന്റെ കാശി സന്ദര്‍ശനം. ദൃശ്യങ്ങളില്‍ ശബ്ദവും ചുണ്ടനക്കവും സമാസമം ചേര്‍ത്താണ് വ്യാജ വീഡിയോ ഇറക്കിയത്. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെന്ന് രണ്‍വീര്‍ സിംഗ് അറിയിച്ചു.

നേരത്തെ ആമിര്‍ ഖാനും ഈ വ്യാജന്‍മാരുടെ ഇരയായിരുന്നു. സത്യമേവ ജയതേ എന്നൊരു പരിപാടി ആമിര്‍ ചെയ്തിരുന്നു. ഇതിലെ വീഡിയോ ഉപയോഗിച്ചായിരുന്നു കുറ്റവാളികളുടെ വ്യാജ വീഡിയോ നിര്‍മ്മാണം. പൊലീസ് സംഭവം അന്വേഷിച്ച് വരുന്നതിനിടെയാണ് മറ്റൊരു നടന്‍ കൂടി പരാതിയുമായി എത്തുന്നത്.

Spread the love

You cannot copy content of this page