ഡീപ് ഫെയ്ക്ക് വീഡിയോയില്‍ കുടുങ്ങി രണ്‍വീര്‍ സിംഗ്. ഒരു ബോട്ടില്‍ സഞ്ചരിക്കുന്ന താരത്തെയാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുക. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്നാണ് രണ്‍വീര്‍ അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ എഐ നിര്‍മിതമാണ് ഈ വീഡിയോ എന്ന് നിരവധി പേര് ചൂണ്ടിക്കാട്ടി.
ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാനായി നടി കൃതി സനോണിനൊപ്പം രണ്‍വീര്‍ വാരണാസിയിലെ നമോ ഘാട്ടില്‍ എത്തിയിരുന്നു. ഇരുതാരങ്ങളും അന്ന് വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും തങ്ങളുടെ ആത്മീയ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ചിത്രീകരിച്ച ഒരു വീഡിയോ ആണ് രണ്‍വീര്‍ കോണ്‍ഗ്രസിന് വോട്ടുചോദിക്കുന്നു എന്ന തരത്തില്‍ എഐയുടെ സഹായത്തോടെ നിര്‍മിച്ച് പ്രചരിപ്പിച്ചത്.
ആമിര്‍ ഖാന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി സംസാരിക്കുന്നതരത്തില്‍ നേരത്തേ വീഡിയോ പ്രചരിച്ചിരുന്നു. ആമിര്‍ അവതാരകനായ സത്യമേവ ജയതേ എന്ന ഷോയുടെ ദൃശ്യമാണ് ഡീപ് ഫെയ്ക്ക് ചെയ്യാന്‍ ഉപയോഗിച്ചത്. തുടര്‍ന്ന് മുംബൈ പോലീസിന്റെ സൈബര്‍ ക്രൈം സെല്ലില്‍ ആമിര്‍ പരാതി നല്‍കിയിരുന്നു.