• Tue. Dec 24th, 2024

‘ബിജെപിയുമായി കൂട്ടുകെട്ട് സിപിഐഎമ്മിന്, മുസ്ലിംലീഗ് മതേതര പാർട്ടി’;എകെ ബാലന് ചെന്നിത്തലയുടെ മറുപടി

ByPathmanaban

Jun 1, 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും കൂട്ടുകൂടിയെന്ന എ കെ ബാലന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് സിപിഐഎമ്മാണ്. പാലക്കാട് എല്‍ഡിഎഫ് തോല്‍ക്കും എന്ന് ബാലന് തോന്നിയതില്‍ സന്തോഷമുണ്ട്. മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നായിരുന്നു എ കെ ബാലന്റെ ഗുരുതര ആരോപണം.

യുഡിഎഫിന് ഒരു അവിശുദ്ധ കൂട്ടുകെട്ടുമില്ല. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണ്. ഒരു തീവ്രവാദ സംഘടനകളുമായും മുസ്ലിം ലീഗിന് ബന്ധമില്ല. തീവ്രവാദത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിലാണ്. ആര്‍എസ്എസുമായും യുഡിഎഫ് ചങ്ങാത്തം ഉണ്ടാക്കിയെന്നും എ കെ ബാലന്‍പറഞ്ഞു. ഇതിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.

ഡി കെ ശിവകുമാറിന്റെ മൃഗബലി ആരോപണം അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം പരിശോധിക്കാനുള്ള ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കര്‍ണാടക കോണ്‍?ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞത് പരിശോധിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. ആധികാരികത ഇല്ലാതെ ശിവകുമാര്‍ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇങ്ങനെയൊരു കാര്യം നടന്നെങ്കില്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ സ്വര്‍ണം കടത്തിയതിന് പിടികൂടിയ കേസില്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ശശി തരൂര്‍ തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

Spread the love

You cannot copy content of this page