• Tue. Dec 24th, 2024

ഡികെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ByPathmanaban

Jun 1, 2024

തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അങ്ങനെ നടക്കാനിടയില്ല. വേറെ എവിടെയെങ്കിലും നടന്നോ എന്ന് അന്വേഷിക്കണം. ആരോപണം പരിഹസിച്ച് തള്ളുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല പ്രതികരിച്ചു.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നെന്നായിരുന്നു ഡി കെ ശിവകുമാറിന്‍റെ ആരോപണം. ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും ഡി കെ ആരോപിച്ചിരുന്നു. കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിന്‍റെ അവസാനമാണ് ഡി കെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തിയത്.

അതിനിടെ മൃ​ഗബലി ആരോപണത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമെന്ന് താൻ പറഞ്ഞിട്ടില്ല. രാജരാജേശ്വരി ക്ഷേത്രം എന്നാണ് പറഞ്ഞത്. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോൾ പറയാൻ താത്പര്യമില്ല. മൃഗബലിയും യാഗവും നടന്നു എന്നതിൽ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Spread the love

You cannot copy content of this page