തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സിബിഐക്ക് ഫയല്‍ പോയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. കേസ് ഫയല്‍ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫര്‍ ചെയ്യേണ്ടതായിരുന്നു. സിബിഐ അന്വേഷണത്തിന് മുമ്പ് എന്തിനാണ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ചോദിച്ച അദ്ദേഹം കേസിനെ തട്ടിക്കളിക്കാന്‍ സമ്മതിക്കില്ലെന്നും ഉടന്‍ സിബിഐ അന്വേഷണം തുടങ്ങണമെന്നും പറഞ്ഞു. കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്‌തെന്നും സര്‍ക്കാര്‍ വിജ്ഞാപനം വന്നയുടനെ തന്നെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചു കൊടുത്തുവെന്നുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നത്.
അതെസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ റാഗിങിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കോളജിലെ മറ്റൊരു റാഗിങ് പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തിരുന്നത്. നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷന്‍ എന്നിവരുടെ സസ്‌പെന്‍ഷന്‍ ആണ് സ്റ്റേ ചെയ്തത്.സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഈ വിദ്യാര്‍ത്ഥികള്‍ 2021 ബാച്ചിലെ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തെളിവുകളോ പരാതിയോ ആന്റി റാഗിംങ് സമിതിക്ക് കിട്ടിയിരുന്നില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പേരില്‍ ഈ വിദ്യാര്‍ത്ഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.