കേരളത്തിനുപുറമേ തമിഴ്‌നാട്ടിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിക്കുകയും നേരില്‍ക്കാണുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ആദരമേകിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്.
രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് രജനികാന്തിനുവേണ്ടി മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. ഇതിനുശേഷമാണ് സംവിധായകന്‍ ചിദംബരം ഉള്‍പ്പെടെയുള്ളവരെ രജനികാന്ത് ചെന്നൈയിലെ വസതിയിലേക്ക് ക്ഷണിച്ചത്. സംവിധായകന് പുറമേ നടന്മാരായ ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍ എന്നിവരും രജനികാന്തിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ കാണാനെത്തിയിരുന്നു. സൂപ്പര്‍താരത്തിനൊപ്പമുള്ള മഞ്ഞുമ്മല്‍ ബോയ്‌സ് സംഘത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിദംബരവും രജനികാന്തുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
മലയാളത്തില്‍ ആദ്യമായി 200 കോടി നേടുന്ന സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മലയാളചിത്രവും മഞ്ഞുമ്മല്‍ ബോയ്സ് ആണ്. 50 കോടിയിലധികംരൂപയാണ് ഡബ് ചെയ്യാതെ മലയാളത്തില്‍ത്തന്നെ പ്രദര്‍ശനത്തിനെത്തിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്. അമേരിക്കയില്‍ ആദ്യമായി 10 ലക്ഷം ഡോളര്‍ നേടിയ മലയാളചിത്രമെന്ന നേട്ടവും സൗബിന്‍ ഷാഹിറും പിതാവ് ബാബു ഷാഹിറും മാനേജര്‍ ഷോണ്‍ ആന്റണിയും ചേര്‍ന്ന് നിര്‍മിച്ച ഈ സിനിമയ്ക്കുതന്നെ. കര്‍ണാടകയിലും വന്‍ഹിറ്റാണ്. ഫെബ്രുവരി 22-നാണ് ചിത്രം റിലീസ് ചെയ്തത്.