കോഴിക്കോട്: നവ വധു ക്രൂരമായി മര്‍ദിക്കപ്പെട്ട കേസില്‍ ഒളിവില്‍ പോയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി യുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊക്കുന്ന് സ്വദേശി രാജേഷിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ചോദ്യം ചെയ്യാന്‍ വേണ്ടി ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് രാജേഷാണെന്നും ബാംഗ്ലൂര്‍ വരെ ഒരുമിച്ച് സഞ്ചരിച്ചെന്നും പൊലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാന്‍ രാഹുലിന് ടിക്കറ്റ് എടുത്ത് നല്കിയതും രാജേഷാണ്.
രാഹുലിനെ എത്രയും പെട്ടെന്ന് ജര്‍മ്മനിയില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ സഹോദരന് പ്രതികരിച്ചു. നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടണമെന്നും രാഹുലിന്റെ അമ്മയും സഹോദരിയും ഒളിവില്‍ പോയിട്ടുണ്ടെന്നും അവരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സഹോദരന് പറഞ്ഞു. വിഷയത്തില്‍ ഫാറൂഖ് എസ്പിക്ക് പരാതി നല്‍കുമെന്നും കൂട്ടിചേര്‍ത്തു. മേയ് 12നാണ് പെണ്‍കുട്ടിയും ബന്ധുക്കളും പന്തീരാങ്കാവ് സ്റ്റേഷനിലെത്തി രാഹുലിനെതിരെ പരാതി നല്‍കിയത്.
മര്‍ദിക്കുകയും മൊബൈല്‍ ഫോണിന്റെ കേബിള്‍ കഴുത്തില്‍ ചുറ്റി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്ന പറവൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റിട്ടും ആദ്യഘട്ടത്തില്‍ കേസെടുത്തില്ലെന്ന ആരോപണത്തില്‍ പന്തീരാങ്കാവ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ എ എസ് സരിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഫറോക്ക് അസി കമീഷണര്‍ സജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്
രാഹുല്‍ ജര്‍മ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എയര്‍പോര്‍ട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു. ഇന്നലെ രാഹുല്‍ താന്‍ വിദേശത്താണെന്നും എന്നാല്‍ രാജ്യം ഏതെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചിരുന്നു.
ബെംഗളൂരുവില്‍നിന്ന് സിംഗപ്പൂര്‍ വഴിയാണ് പ്രതി ജര്‍മനിയിലേക്ക് കടന്നത് എന്നാണ് വിവരം. ജര്‍മനിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറായാണ് രാഹുല്‍ ജോലിചെയ്തിരുന്നത്. അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു. ജര്‍മനിയില്‍ നിന്ന് രാഹുല്‍ ഫോണ്‍ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.