• Tue. Dec 24th, 2024

12 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച; യെമനിലെത്തി നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി

ByPathmanaban

Apr 24, 2024

ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ സന്ദര്‍ശിച്ച് അമ്മ പ്രേമകുമാരി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകള്‍ നിമിഷപ്രിയയെ കണ്ടത്.ഇന്ത്യന്‍ സമയം ഒന്നരയോടെയാണ് പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും സനായിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തെ നാളെ നേരിട്ട് കണ്ട് മോചനം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് സംഘത്തിന്റെ ശ്രമം.

തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ നിമിഷപ്രിയയുടെ മോചനമാകാമെന്ന അപ്പീല്‍ കോടതിയുടെ വിധിയിലെ സാധ്യത ഉപയോഗപ്പെടുത്തിയാണ് ചര്‍ച്ച. 2017 ജൂണ്‍ 25നായിരുന്നു വധശിക്ഷയ്ക്ക് ആധാരമായ കൊലപാതകം നടന്നത്. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. യെമനിലെ പരമോന്നത കോടതിയായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ വധശിക്ഷ കഴിഞ്ഞ നവംബറില്‍ ശരിവെച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രേമകുമാരിക്കും സംഘത്തിനും യെമനിലേക്ക് യാത്രചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചത്.

Spread the love

You cannot copy content of this page