തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ എല്‍.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടത് പ്രതിനിധിയായി യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍. സോളാർ സമര ഒത്തുതീർപ്പിനെ കുറിച്ച് ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരേ ഉണ്ടായ വെളിപ്പെടുത്തൽ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫ് യോഗം അങ്ങനെ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
സെക്രട്ടേറിയറ്റ് നടയില്‍ പ്രസംഗിച്ചു നില്‍ക്കുമ്പോഴാണ് സമരം അവസാനിപ്പിച്ചത് താനറിയുന്നത്. സെക്രട്ടേറിയറ്റിൻ്റെ തെക്കേ ഗെയിറ്റില്‍ മുഖ്യമന്ത്രിയുടെ രാജിയില്ലാതെ സമരം ഒരുതരത്തിലും പിന്‍വലിക്കില്ലെന്ന് ആവേശത്തോടെ തീവ്രമായ വികാരത്തോടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആര്‍.എസ്.പി സെക്രട്ടറിയായിരുന്ന എ.എ അസീസിൻ്റെ നിര്‍ദേശപ്രകാരം പാര്‍ട്ടി ഓഫിസില്‍നിന്ന് കുറിപ്പ് ലഭിക്കുന്നത്. എ.കെ.ജി സെൻ്ററില്‍ അടിയന്തരമായി എത്താനായിരുന്നു നിര്‍ദേശം. പ്രസംഗം നിര്‍ത്തി എ.എ അസീസിനൊപ്പം എ.കെ.ജി സെൻ്ററിലെത്തി. അവിടെ തങ്ങള്‍ എത്തുമ്പോഴേക്ക് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ഏകദേശം എടുത്തുകഴിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താസമ്മേളനം കാണാന്‍ എല്‍.ഡി.എഫ് യോഗം നടക്കുന്ന മുറിയില്‍ ടി.വി ക്രമീകരിച്ച് അത് കാണാന്‍ തയാറായി നില്‍ക്കുമ്പോഴാണ് തങ്ങള്‍ അവിടെ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് സര്‍ക്കാരില്‍നിന്ന് ഉറപ്പുകിട്ടിയെന്നും പ്രഖ്യാപനത്തിന് ശേഷം തീരുമാനം എടുക്കാമെന്നുമാണ് നിര്‍ദേശം ലഭിച്ചത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം നടന്ന ചര്‍ച്ചകളിലെ പൊതുസമവായത്തിൻ്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. ജോണ്‍ മുണ്ടക്കയത്തിൻ്റെ ലേഖനത്തില്‍ തൻ്റെ പേര് പരാമര്‍ശിക്കപ്പെട്ടത് വളരെയധികം നിര്‍ഭാഗ്യകരമാണ്. യു.ഡി.എഫ് നേതൃത്വവുമായി ഒരു ലെയ്‌സണ്‍ ബന്ധവുമുണ്ടായിരുന്ന ആളല്ല താന്‍. ഒരു തരത്തിലുള്ള ഇടപെടലും സര്‍ക്കാരുമായോ യു.ഡി.എഫ് പ്രതിനിധികളുമായോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ചര്‍ച്ച നടത്താന്‍ എല്‍.ഡി.എഫ് നിയോഗിച്ചിട്ടില്ല. എന്തുകൊണ്ടാണ് അത്തരത്തിലൊരു പരാമര്‍ശം വന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോണ്‍ മുണ്ടക്കയത്തിന് ആരെങ്കിലും തെറ്റായ വിവരം നല്‍കിയതാണോയെന്ന് അറിയില്ല. ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്ന് ജോണ്‍ മുണ്ടക്കയം നേരത്തെ തന്നോട് പറഞ്ഞിരുന്നു. അതിനപ്പുറത്ത് സമരം അവസാനിപ്പിക്കാനുള്ള പശ്ചാത്തലത്തെ സംബന്ധിച്ച് ഒരു ധാരണയും വ്യക്തതയും തനിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സമരത്തിന് രാഷ്ട്രീയ നേട്ടമുണ്ടായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രതിലോമകരമായ പ്രചാരപ്രവര്‍ത്തനം നടത്തുന്നതില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ ആ സമരത്തിന് സാധിച്ചിട്ടുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. സി.പി.എമ്മിനും എല്‍.ഡി.എഫിനും രാഷ്ട്രീയ നേട്ടമുണ്ടായിട്ടുണ്ട്’, പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു.