പന്തളം: പണയ സ്വര്‍ണത്തില്‍ തിരിമറി നടത്തിയതിന് സസ്‌പെന്‍ഷനിലായ സഹകരണസംഘം ജീവനക്കാരന്റെ മൃതദേഹം അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന സൂചന നല്‍കി വാട്‌സാപ്പ് സ്റ്റാറ്റസ്. സി.പി.എം പന്തളം ഏരിയ മുന്‍ സെക്രട്ടറി മുടിയൂര്‍ക്കോണം കൂടത്തിങ്കല്‍ അഡ്വ.കെ.ആര്‍. പ്രമോദ് കുമാറിന്റെ മകനും പന്തളം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന അര്‍ജുന്‍ പ്രമോദി ( 28)ന്റെ മൃതദേഹമാണ് അച്ചന്‍കോവിലാറ്റില്‍ മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ വയറപ്പുഴ കടവില്‍ കണ്ടെത്തിയത്. അര്‍ജുന്റെ അവസാന വാട്‌സാപ്പ് സ്റ്റാറ്റസില്‍ തന്റെ മരണത്തിന് ഉത്തരവാദികളായി മൂന്നു പേരുടെ പേര് എഴുതിയിട്ടുണ്ട്.
എന്റെ മരണത്തിന് ഉത്തരവാദി കീരുകുഴി ശരത്, ശ്രീഭുവാണേശ്രി അമല്‍, സരത്താണിത്തെ മാനേജര്‍ സച്ചിന്‍ എന്നിവരാണെന്നാണ് ഇന്നലെ രാത്രി 9.58 ന് അര്‍ജുന്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ഇന്നലെ രാത്രി 10 മണി വരെ കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ചിരുന്ന അര്‍ജുന്‍ പിന്നീട് പുറത്തേക്ക് പോയിട്ടും മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് സഹോദരി ഞായറാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ആറ്റില്‍ മൃതദേഹം കണ്ടത്.
ഒരു വര്‍ഷം മുന്‍പ് പന്തളം സര്‍വീസ് സഹകരണ സംഘത്തിലെ ജീവനക്കാരനായിരുന്ന അര്‍ജുന്‍ 70 പവന്‍ പണയ സ്വര്‍ണം ഇവിടെ നിന്നെടുത്ത് മറ്റൊരു ബാങ്കില്‍ കൊണ്ടു പോയി പണയം വച്ചിരുന്നു. രാത്രിയില്‍ സംഘത്തില്‍ എത്തി അര്‍ജുന്‍ നടത്തിയ തിരിമറി സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പുറംലോകമറിഞ്ഞത്. സ്വര്‍ണം തിരികെ എത്തിച്ചെങ്കിലും അര്‍ജുനെ സസ്‌പെന്‍ഡ് ചെയ്തു. അര്‍ജുന്റെ പിതാവ് പ്രമോദ്കുമാര്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.എം ജില്ലാ കമ്മറ്റിയംഗം, ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
അര്‍ജുന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വകാര്യ ബസ് കായംകുളം ശ്രീഭുവനേശ്വരി ബസിന്റെ ഉടമ അമലിന് അടുത്തിടെ വിറ്റിരുന്നു. ഈ വകയില്‍ കുറച്ച് പണം അര്‍ജുന് കിട്ടാനുണ്ടായിരുന്നുവെന്ന് പറയുന്നു. ഇതിന് പുറമേ മറ്റു പലരും അര്‍ജുന് പണം നല്‍കാനുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നത്. പണം തിരികെ കിട്ടാത്തതിന്റെ മനോവിഷമത്തില്‍ അര്‍ജുന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. സ്റ്റാറ്റസില്‍ പറഞ്ഞിരിക്കുന്ന മൂന്നു പേരും അര്‍ജുന് പണം കൊടുക്കാനുള്ളവരാണെന്നാണ് സൂചന