• Tue. Dec 24th, 2024

പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തു; ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി വ്യക്തമാക്കി പ്രകാശ് ജാവദേക്കര്‍

ByPathmanaban

May 7, 2024

തിരുവനന്തപുരം: ഇ പി – ജാവദേക്കര്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പട്ട വെളിപ്പെടുത്തലുകളില്‍ ശോഭ സുരേന്ദ്രനെതിരെ അതൃപ്തി വ്യക്തമാക്കി പ്രകാശ് ജാവദേക്കര്‍. ശോഭ സുരേന്ദ്രന്‍ ചെയ്തത് തെറ്റാണ്. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും ബിജെപി നേതൃയോഗത്തില്‍ ജാവദേക്കര്‍ വിമര്‍ശിച്ചു.

പലരുമായും ചര്‍ച്ച നടത്തും. അത് തുറന്നു പറയുന്നത് കേരളത്തില്‍ മാത്രമാണ്. കൂടിക്കാഴ്ച സംബന്ധിച്ച് എങ്ങനെയാണ് ശോഭ അറിഞ്ഞതെന്നും ജാവദേക്കര്‍ ചോദിച്ചു. മറ്റ് പാര്‍ട്ടിയിലുള്ളവര്‍ ഇനി ചര്‍ച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണ്. കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിച്ച കെ സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി രാവിലെയാണ് ബിജെപി സംസ്ഥാന നേതൃയോഗം തുടങ്ങിയത്. യോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനിന്നത് ചര്‍ച്ചയായിട്ടുണ്ട്. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കളാണ് വിട്ടു നില്‍ക്കുന്നത്. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടിയില്‍ പുകയുന്ന അതൃപതിയാണ് നേതാക്കളുടെ വിട്ടുനില്‍ക്കലിലൂടെ വ്യക്തമാകുന്നത്. സംസ്ഥാന ഘടകത്തിന്റെ അവഗണയില്‍ പ്രതിഷേധിച്ചാണ് നേതാക്കളുടെ വിട്ടുനില്‍ക്കലെന്നാണ് സൂചന.

ഇതിലൂടെ തങ്ങള്‍ക്ക് നേരെയുള്ള ഔദ്യോഗിക വിഭാഗത്തിന്റെ അവഗണന കേന്ദ്ര നേതൃത്വത്തെ അറിയിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. കൂടാതെ നേതൃയോഗത്തിന് മുമ്പ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് അവലോകനം നടത്തണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. ഇത് സംസ്ഥാന നേതൃത്വം അവഗണിച്ചിരുന്നു. ഇതോടെ തങ്ങളുടെ പരാതി പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിഗമനം. ഇതാണ് യോഗം ബഹിഷ്‌കരിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇന്നത്തെ സംസ്ഥാന നേതൃയോഗം സമാപിച്ചതിന് ശേഷമാകും കോര്‍ കമ്മിറ്റി ചേരുക. സ്ഥാനാര്‍ത്ഥികളും നേതാക്കളുമാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.

Spread the love

You cannot copy content of this page