• Tue. Dec 24th, 2024

‘രാജ്യത്തിന്റെ പ്രധാനമന്ത്രി ആ പദവിയുടെ മഹത്വത്തെ മറന്നുകൊണ്ട് പരസ്യമായി വര്‍ഗീയത പറയുന്നു’; മുഖ്യമന്ത്രി

ByPathmanaban

Apr 24, 2024

തിരുവനന്തപുരം: പത്തു വര്‍ഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വര്‍ഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണീ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം. അനുദിനം വളരുന്ന കൊടിയ അസമത്വത്തിന് അറുതി വരുത്തി കര്‍ഷകരുടേയും തൊഴിലാളികളുടേയും വിമോചനം സാധ്യമാക്കാനുള്ള അവസരമാണിത്. യുവാക്കള്‍ക്ക് തൊഴിലും സ്ത്രീകള്‍ക്ക് തുല്യ സാമൂഹ്യപദവിയും കുട്ടികള്‍ക്ക് പോഷകാഹാരവും മികച്ച വിദ്യാഭ്യാസവും വയോജനങ്ങള്‍ക്ക് ക്ഷേമവും ഉറപ്പുവരുത്തേണ്ട രാഷ്ട്രീയത്തിനു ഊര്‍ജ്ജം നല്‍കേണ്ട സന്ദര്‍ഭമാണിത്.

അതിനായി, സമത്വവും സമാധാനവും സാഹോദര്യവും വാഴുന്ന സമൂഹസൃഷ്ടിക്കായി ഓരോ ജനാധിപത്യ വിശ്വാസിയും അടിയന്തരമായി മുന്നോട്ടു വരേണ്ടതുണ്ട്. ബിജെപിയും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാറും മുന്നോട്ടു വയ്ക്കുന്ന വര്‍ഗീയതയുടേയും വിഭാഗീയതയുടെയും വിഷപ്പുകയുടെ മറവില്‍ യാഥാര്‍ത്ഥ്യം കാണാതെ പോകില്ലെന്ന് നമ്മള്‍ ഉറപ്പു വരുത്തണം. രാജ്യത്തിന്റെ പ്രധാനമന്ത്രി ആ പദവിയുടെ മഹത്വത്തെ മറന്നുകൊണ്ട് പരസ്യമായി വര്‍ഗീയത പറയുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാന്യതയുടേയും മനുഷ്യത്വത്തിന്റേയും സീമകള്‍ ലംഘിക്കാന്‍ അവര്‍ക്ക് മടിയില്ല. നുണകളിലൂടെ അവര്‍ രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാന്‍ നോക്കുമ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കാന്‍ നാം സജ്ജരാകണം. കോണ്‍ഗ്രസും യുഡിഎഫും സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കാതെ അതിനോട് സമരസപ്പെടുമ്പോള്‍ അതുയര്‍ത്തുന്ന ഭീഷണിക്കു മുന്നില്‍ തകരാതെ നാടു നില്‍ക്കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിക്കേണ്ടതുണ്ട്. അവരുടെ ഓരോ വര്‍ഗീയ അജണ്ടയ്ക്കു മുന്നിലും സംശയലേശമന്യേ അചഞ്ചലമായി നിലകൊണ്ടത് ഇടതുപക്ഷം മാത്രമാണ്. നാടിനെ നെടുകെ പിളര്‍ക്കുന്ന പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് പോലും ശബ്ദിക്കാാനാകാത്ത വിധം ഭീരുക്കളായിത്തീര്‍ന്നിരിക്കുന്നു കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയെ ഭയന്ന് കേരളത്തില്‍ വന്ന് തമ്പടിച്ച് ഇടതുപക്ഷത്തിനെതിരെ നുണപ്രചരണം നയിക്കും വിധം അധ:പ്പതിച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്റെ പരമോന്നത നേതൃത്വം. ഇവര്‍ ആരെയാണ് സഹായിക്കുന്നത്? ആരെയാണ് സംരക്ഷിക്കുന്നത്? എന്താണ് ഇതിലൂടെയൊക്കെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. ഇവിടെയാണ് ഇടതുപക്ഷം പ്രസക്തമാകുന്നത്. ഇവിടെ നിന്നു വന്‍ വിജയം നേടി ലോകസഭയിലെത്തിയ കോണ്‍ഗ്രസുകാരല്ല, ഇടതുപക്ഷ എം.പിമാരാണ് അവിടെ നാടിന്റെ നാവായത്. അവരാണ് വര്‍ഗീയതയ്‌ക്കെതിരെ ഉറക്കെ സ്വരമുയര്‍ത്തിയത്. നാടിന്റെ വികസനത്തിനായി അവര്‍ ശ്രമിച്ചപ്പോള്‍ അതിനു തുരങ്കം വയ്ക്കാനായിരുന്നു യുഡിഎഫ് എംപിമാരുടെ ശ്രമം.

അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിച്ചാലും കുഴപ്പമില്ല, എല്‍.ഡി.എഫ് ഗവണ്‍മെന്റ് പ്രതിസന്ധിയാലായാല്‍ മതി എന്ന മനുഷ്യത്വരഹിതമായ സങ്കുചിതരാഷ്ട്രീയ ചിന്താഗതിയാണവരെ നയിക്കുന്നത്. ഇതിനിയും തുടര്‍ന്നുകൂടാ എന്ന് കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ നാടിന്റെ നന്മയ്ക്കും ഐക്യത്തിനും വേണ്ടി അടിയുറച്ച നിലപാടെടുക്കാന്‍ സാധിക്കുന്ന ഇടതുപക്ഷത്തിനൊപ്പം അവര്‍ ഈ തിരഞ്ഞെടുപ്പില്‍ നില്‍ക്കും. ജനാധിപത്യവും മതേതരത്വവും രാഷ്ട്രീയ നൈതികതയും ചേര്‍ത്തു പിടിച്ച് നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Spread the love

You cannot copy content of this page