‘രാം കേ നാം’ പ്രദര്‍ശനത്തില്‍ പങ്കാളിയായ വിദ്യാര്‍ത്ഥിയ്ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഷന്‍ നല്‍കി മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിഐഎസ്എസ്). രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടുന്ന രാമദാസ് പ്രിനിശിവാനന്ദനെ (30) മുംബൈ, തുള്‍ജാപൂര്‍, ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലെ കാമ്പസുകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വിലക്കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരി 26-ന് ‘രാം കേ നാം’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തില്‍ വിദ്യാര്‍ത്ഥിയുടെ പങ്ക് ചൂണ്ടിക്കാട്ടി മാര്‍ച്ച് 7-ന് പ്രിനിശിവാനന്ദന് നോട്ടീസ് അയച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കെതിരായ ‘അപമാനത്തിന്റെയും പ്രതിഷേധത്തിന്റെയും അടയാളം’ എന്നാണ് നോട്ടീസ്.
PSF-TISS എന്ന ബാനറിന് കീഴില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥി പങ്കെടുത്തപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് ദുരുപയോഗം ചെയ്തതായി നോട്ടീസില്‍ പറയുന്നു. ഇടതുപക്ഷ ചായ്വുള്ള സംഘടനയാണ് പ്രോഗ്രസീവ് സ്റ്റുഡന്റ് ഫോറം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടിഐഎസ്എസ് കാമ്പസില്‍ നിരോധിത ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനും ഭഗത് സിംഗ് അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നതിനിടെ വിവാദപരമായ ചില അതിഥികളെ ക്ഷണിച്ചതായും പ്രിനിശിവാനന്ദനെതിരെ ആരോപണമുണ്ട്.
‘നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യതാല്‍പ്പര്യത്തിന് നിരക്കുന്നതല്ല. ഒരു പൊതു സ്ഥാപനമായതിനാല്‍, TISS ന് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധവും രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുന്നതുമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അനുവദിക്കാനോ വെച്ചുപൊറുപ്പിക്കാനോ കഴിയില്ല. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിന്റെ വിഭാഗമാണിത്.” നോട്ടീസ് പറയുന്നു. ഏപ്രില്‍ 18-ലെ തുടര്‍ന്നുള്ള ആശയവിനിമയത്തില്‍, ടിഐഎസ്എസ് അച്ചടക്ക സമിതി അദ്ദേഹത്തെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്ലാ കാമ്പസുകളിലും പ്രവേശിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുമെന്നും പറഞ്ഞു.
സസ്പെന്‍ഷനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭ്യന്തര അതോറിറ്റിക്ക് മുമ്പാകെ അപ്പീല്‍ നല്‍കുമെന്ന് കേരളം സ്വദേശിയായ പ്രിനിശിവാനന്ദന്‍ പിടിഐയോട് പറഞ്ഞു.