നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവച്ചതിന് ശേഷം രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി നേതാവ് പശുപതി പരാസ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ടതായി വൃത്തങ്ങള്‍ പറഞ്ഞു.
‘ഞാന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു, സീറ്റ് വിഭജനത്തില്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് അനീതി നേരിടേണ്ടി വന്നു.’ എന്നാണ് ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പരാസ് തന്റെ രാജിയെക്കുറിച്ച് സംസാരിച്ചത്.
ബിഹാറിലെ എന്‍ഡിഎ ബ്ലോക്കിന്റെ സീറ്റ് വിഭജന ഘട്ടത്തില്‍ ബിജെപി തന്റെ പാര്‍ട്ടിക്ക് സീറ്റുകളൊന്നും നല്‍കാത്തതാണ് പശുപതി പരാസിനെ അസ്വസ്ഥമാക്കിയത്. പകരം, രാം വിലാസ് പാസ്വാന്റെ മകനും പശുപതി പരാസിന്റെ മരുമകനുമായ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിക്ക് (രാം വിലാസ്) ബിജെപി അഞ്ച് സീറ്റുകള്‍ നല്കി.
പശുപതി പരാസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജ് പ്രതാപ് യാദവ്, ‘പശുപതി പരാസ് വന്നാല്‍ മഹാസഖ്യത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യും, ബിജെപി ചെയ്തത് ശരിയായില്ല’ എന്നും വ്യക്തമാക്കി. ബിഹാറിലെ ഹാജിപൂര്‍ ഉള്‍പ്പെടെ നിരവധി ലോക്സഭാ സീറ്റുകളില്‍ പശുപതി പരാസ് അവകാശവാദമുന്നയിക്കുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ പറയുന്നു.
താനും ചിരാഗ് പാസ്വാനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്ന ഹാജിപൂരില്‍ നിന്ന് താന്‍ മത്സരിക്കുമെന്ന് പരാസ് പ്രഖ്യാപിച്ചിരുന്നു. ഈ സീറ്റില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് അദ്ദേഹത്തിന്റെ പിതൃസഹോദരന് സൂചിപ്പിച്ചിരുന്നു. രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി 2020-ല്‍ അദ്ദേഹത്തിന്റെ മരണശേഷം രണ്ടായി പിരിഞ്ഞു. അദ്ദേഹത്തിന്റെ സഹോദരന് പരാസ് രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയെയും (ആര്‍എല്‍ജെപി) അദ്ദേഹത്തിന്റെ മകന് ചിരാഗ് പാസ്വാനും ലോക് ജനശക്തി പാര്‍ട്ടിയെയും (രാം വിലാസ്) നയിക്കുന്നു.